കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെയെന്ന് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം

കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവർത്തിച്ച് കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം. സീറ്റ് തങ്ങൾക്ക് തന്നെയായിരിക്കുമെന്ന് തോമസ് ചാഴിക്കാടൻ എം പി ട്വന്റിഫോറിനോട് പറഞ്ഞു. സീറ്റിന്റെ കാര്യത്തിൽ യുഡിഎഫിൽ യാതൊരു പ്രതിസന്ധിയും ഇല്ല. കുട്ടനാട് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരിക്കും അവിടെ മത്സരിക്കുകയെന്നും തോമസ് ചാഴിക്കാടൻ വ്യക്തമാക്കി.
Read Also: കുട്ടനാട് സീറ്റ് കോൺഗ്രസിന് വിട്ടുനൽകാൻ ഉപാധികളുമായി ജോസഫ് വിഭാഗം
കുട്ടനാട് സീറ്റ് സംബന്ധിച്ച് യുഡിഎഫ് ഉഭയകക്ഷി ചർച്ച നടത്താനിരിക്കെയാണ് മുന്നണി നേതൃത്വത്തെ സമർദത്തിലാക്കി കേരളാ കോൺഗ്രസ് ജോസ് പക്ഷം നിലപാട് കടുപ്പിച്ചിരിക്കുന്നത്. അതിനിടെ കുട്ടനാട് സീറ്റ് തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ കൊച്ചിയിൽ ചേരാനിരുന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ച മാറ്റിവച്ചു. നേതാക്കളുടെ അസൗകര്യമാണ് കാരണമെന്നാണ് വിശദീകരണം.
ഉഭയകക്ഷി ചർച്ച മാർച്ച് രണ്ടിന് തിരുവനന്തപുരത്ത് ചേരും. കുട്ടനാട് സീറ്റിൽ കേരളാ കോൺഗ്രസിലെ ജോസഫ് – ജോസ് വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് യോഗം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് സീറ്റ് ഏറ്റെടുക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.
നേരത്തെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോൺഗ്രസിന് വിട്ടുനൽകുന്നതിന് ഉപാധിയുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുന്നോട്ട് വന്നിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പകരം മൂവാറ്റുപുഴ സീറ്റ് വിട്ട് കിട്ടണമെന്നാണ് ജോസഫ് വിഭാഗം മുന്നോട്ടുവച്ച ഉപാധി.
kuttanad by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here