സംസ്ഥാനത്ത് കൊറോണ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് കൊറോണ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ വിമുക്തമായെന്ന് പറയാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇപ്പോഴും ആളുകൾ എത്തുന്നുണ്ട്. അതിനാലാണ് നിരീക്ഷണം തുടരുന്നതെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കോവിഡ് രോഗ ലക്ഷണങ്ങളോടെ മലേഷ്യയിൽ നിന്ന് എത്തിയ ആൾ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരസ്രവങ്ങൾ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, നൈജീരിയയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നൈജീരിയയിൽ ജോലി ചെയ്യുന്ന ഇറ്റാലിയൻ പൗരനാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 25 ന് ഇറ്റലിയിൽ നിന്ന് നൈജീരിയയിലേക്ക് മടങ്ങി വന്നതിന് ശേഷമാണ് കൊറോണ വൈറസ് ബാധയുടെ സംശയത്തിൽ ചികിത്സയിലാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here