കളമശേരി ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവ്

കളമശേരി ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവ്. കളമശേരി നഗരസഭ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിർമാണ നിരോധിത മേഖലയിൽ ചട്ടവിരുദ്ധമായാണ് ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടങ്ങൾ നിർമിച്ചതെന്ന വാർത്ത ട്വന്റിഫോർ ആണ് പുറത്ത് വിട്ടത്.
Read Also: കളമശേരി എയ്സാറ്റിലെ അനധികൃത നിർമാണങ്ങൾക്ക് സ്റ്റോപ് മെമ്മോ
ലത്തീൻ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ സ്പോർട്സ് കോപ്ലംക്സ് അടക്കമുള്ള കെട്ടിടങ്ങളുടെ നിർമാണം ചട്ടം ലംഘിച്ചാണെന്ന് നഗരസഭയ്ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതോടെ നഗരസഭ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകി. തുടർന്നാണ് കെട്ടിടങ്ങൾ ഉടൻ പൊളിച്ച് നീക്കാൻ നഗരസഭാ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 14,000 സ്ക്വയർ ഫീറ്റിൽ അനുമതി ഇല്ലാതെ പണിതുയർത്തിയ സ്പോർട്സ് കോംപ്ലക്സ് അടക്കം പൊളിച്ച് നീക്കണമെന്നാണ് ഉത്തരവിലുള്ളത്. കെട്ടിടങ്ങൾ പൊളിച്ച് നീക്കിയിലെങ്കിൽ കേരള മുൻസിപ്പാലിറ്റി ആക്ട് 406ൽ 2, 3, 4 വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
കളമശേരി കുസാറ്റിന് സമീപം 12 ഏക്കറിൽ പണിത 2,35,000 സ്ക്വയർ ഫീറ്റുള്ള കെട്ടിടങ്ങളിൽ 1,45,000 സ്ക്വയർ ഫീറ്റിന് നിർമാണ അനുമതിയോ, കെട്ടിട നമ്പറോ ലഭിച്ചിട്ടില്ല. ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം സംബന്ധിച്ച ഫയലുകൾ നഗരസഭയിൽ നിന്ന് കാണാതായ സംഭവത്തിൽ അന്വേഷണം നടക്കാനും സാധ്യതയുണ്ട്.
demolition of aisat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here