വീട് കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല, യുഡിഎഫുകാരുമുണ്ട്: പ്രതിപക്ഷത്തിന് മറുപടിയുമായി തോമസ് ഐസക്

പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ലൈഫ് മിഷനെക്കുറിച്ചുള്ള തർക്കം മുറുകുന്നതിടെ ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ കുറിപ്പ്. ഫേസ്ബുക്കിലാണ് കുറിപ്പിട്ടിരിക്കുന്നത്. പദ്ധതിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പദ്ധതി ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിജെപിയും വാദമുഖവുമായി രംഗത്തുണ്ട്. അതിനിടയിലാണ് ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപിക്കും കോൺഗ്രസിനുമുള്ള മറുപടി കുറിപ്പിലുണ്ട്.
വീട് കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല, യുഡിഎഫുകാരുമുണ്ട്. അവരുടെ മുഖത്തും പുഞ്ചിരിയുണ്ട്. ജീവിതനിലവാരം മെച്ചപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. ആ സന്തോഷവും സംതൃപ്തിയും പങ്കുവയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത്. അതു ചെയ്യാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് കാണിക്കണമെന്ന് തോമസ് ഐസക് കുറിപ്പിൽ പറയുന്നു.
പാവങ്ങൾക്ക് വീടുവച്ചുകൊടുക്കാൻ വിവിധ കേന്ദ്ര സ്‌കീമുകൾ വഴി ഗുജറാത്തിന് ലഭിച്ച 47 കോടി രൂപയിൽ ഒരു രൂപ പോലും സംസ്ഥാനം ചെലവഴിച്ചില്ലെന്ന ആരോപണവും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ അതല്ല സ്ഥിതിയെന്നും തോമസ് ഐസക്.
Read Also: ലൈഫ് മിഷൻ പദ്ധതി; ആദ്യ വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി
കുറിപ്പിന്റെ പൂർണ രൂപം,
രണ്ട് ലക്ഷം കുടുംബങ്ങളിൽ വിടരുന്ന പുഞ്ചിരി പങ്കുവയ്ക്കാൻ നമ്മുടെ പ്രതിപക്ഷ നേതാക്കൾക്ക് താത്പര്യമുണ്ടോ എന്നതു മാത്രമാണ് ചോദ്യം. ഇന്നലെ വരെ ഭവനരഹിതരായിരുന്ന രണ്ട് ലക്ഷം പേർക്ക് ഇന്ന് മുതൽ അടച്ചുറപ്പുള്ള മെച്ചപ്പെട്ട വീടുകൾ സ്വന്തമാവുകയാണ്. അത് കേരളത്തിന്റെ നേട്ടമാണ്. രാജ്യത്തിന് മുന്നിൽ നാം മുന്നോട്ടു വെയ്ക്കുന്ന മറ്റൊരു മാതൃക. ഒരു ജനതയെന്ന നിലയിൽ അഭിമാനം പങ്കിടാനാണ് പ്രതിപക്ഷത്തെ ക്ഷണിച്ചത്. രാഷ്ട്രീയ സങ്കുചിതത്വം അതിനവരെ തടയുന്നുവെങ്കിൽ നിർഭാഗ്യകരം എന്നേ പറയാനുള്ളൂ.
ലൈഫ് മിഷൻ രണ്ട് ഘട്ടമായാണ് വീട് നിർമാണം ഏറ്റെടുത്തത്. രണ്ട് ലക്ഷം വീടുകളിൽ 55,000 വീടുകൾ, നേരത്തെ നിർമാണം ആരംഭിച്ചു മുടങ്ങിക്കിടന്നതാണ്. പതിനഞ്ച് വർഷത്തോളം പഴക്കമുള്ള വീടുകൾ അക്കൂട്ടത്തിലുണ്ട്. അത്തരം വീടുകൾ പൂർത്തിയാക്കാൻ ഇനിയെന്തു ചെയ്യണം എന്ന് ലൈഫ് മിഷൻ പരിഗണിച്ചു. ആവശ്യമായ പണം അനുവദിക്കുകയും അവ പൂർത്തിയാക്കുകയും ചെയ്തു.
മുഖ്യമന്ത്രി വ്യക്തമാക്കിയതുപോലെ, വീട് വാസയോഗ്യമായി എന്നതാണ് ഞങ്ങളതിൽ കാണുന്ന ആശ്വാസം. എത്രയോ കാലമായി മുടങ്ങിക്കിടന്നതും ഇനിയൊരിക്കലും പൂർത്തീകരിക്കാനാവില്ലെന്ന് ഉടമകൾ ആശങ്കപ്പെട്ടിരുന്നതുമായ വീടുകൾ ഇന്ന് വാസയോഗ്യമാവുകയാണ്. അതിൽ കുറേ വീടുകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ചവയുമുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച വീടുകൾ എന്തുകൊണ്ട് മുടങ്ങിപ്പോയി എന്നു വേണമെങ്കിൽ ഞങ്ങൾക്ക് മറുപടി പറയാം. പക്ഷേ, ഈ ഘട്ടത്തിൽ അതിനൊന്നുമല്ല മുൻഗണന. പല കാലങ്ങളിലായി പണിയാരംഭിച്ചു മുടങ്ങിപ്പോയ വീടുകൾ ദൃഢനിശ്ചയത്തോടെ പൂർത്തീകരിക്കുമ്പോൾ, അതിന്റെ ഉടമകൾക്ക് കിട്ടുന്നൊരു സന്തോഷമുണ്ട്. ഒരിക്കലും നടക്കില്ലെന്ന് കരുതിയത് നടക്കുമ്പോഴുണ്ടാകുന്ന സന്തോഷം. ആ സന്തോഷം സർക്കാരിന്റേതാണ്. സമൂഹത്തിന്റേത് മുഴുവനുമാണ്. അതിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേർതിരിവില്ല.
ലൈഫ് മിഷന്റെ രണ്ടാം ഘട്ടം ഭൂമിയുളള ഭവനരഹിതർക്കുള്ള വീടു നിർമാണമാണ്. മൂന്നാം ഘട്ടം ഭൂരഹിതരും ഭവനരഹിതരുമായവർക്കുള്ള വീടു നിർമാണം. ഇങ്ങനെയൊരു നയപരമായ തീരുമാനവും അതിന്റെ നിർവഹണവും തീർച്ചയായും ഈ സർക്കാരിന്റെ സംഭാവനയാണ്.
എന്താണ് ലൈഫ് മിഷൻ വീടുകളുടെ പ്രത്യേകതകൾ?
1) കൂടുതൽ വലുപ്പമുള്ളതും മെച്ചപ്പെട്ടതുമായ 400 ചതുരശ്രയടി വീടുകളാണ് നൽകുന്നത്. മുമ്പുണ്ടായിരുന്ന 2.5 ലക്ഷം രൂപയ്ക്ക് പകരം 4 ലക്ഷം രൂപയാണ് സബ്‌സിഡിയായി നൽകുന്നത്. തൊഴിലുറപ്പിന്റെ ഭാഗമായിരുന്ന സ്വയം വേലയുടെ കൂലിയും സൗജന്യ കട്ടയുടെ വിലയും കണക്കിലെടുത്താൽ ഓരോ വീടിനും 4.25 ലക്ഷം രൂപയെങ്കിലും ചെലവ് വന്നിരിക്കണം. പട്ടികവർഗക്കാർക്ക് കൂടുതൽ തുക ചെലവഴിക്കുന്നതിനുള്ള അനുവാദമുണ്ടായിരുന്നു.
2) ഏറ്റവും അർഹരായവർക്ക് വീട് നൽകുക എന്നതായിരുന്നു നയം. മുമ്പ് വീട് നൽകിയവരെല്ലാം അനർഹരായവരാണെന്ന വിവക്ഷയുമില്ല. പക്ഷെ, പാവങ്ങളിൽ പാവങ്ങളായ വലിയൊരു വിഭാഗം അവഗണിക്കപ്പെട്ടു. ഇവർക്കാണ് ലൈഫ് മിഷൻ ലിസ്റ്റ് തയ്യാറായപ്പോൾ ഏറ്റവും മുൻഗണന നൽകിയത്. മാനദണ്ഡങ്ങൾ പ്രകാരം ലിസ്റ്റിൽ വരാൻ കഴിയാതെ പോയവർക്ക് മൂന്നാംഘട്ടം കഴിഞ്ഞാൽ പരിഗണന നൽകും. പട്ടികവിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും വിട്ടുപോയവരെ ഇപ്പോൾ തന്നെ ഉൾക്കൊള്ളിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്.
3) വീട് നൽകുക മാത്രമല്ല, ഈ പാവപ്പെട്ടവർക്ക് അവകാശമായി ലഭിക്കേണ്ട റേഷൻ കാർഡ്, ഹെൽത്ത് കാർഡ്, ലേബർ കാർഡ് തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നുണ്ട്.
4) ഭൂരഹിതർക്ക് ഫ്‌ളാറ്റുകൾ നിർമിച്ചു നൽകുന്നതിനാണ് ഊന്നൽ. ഈ ഫ്‌ളാറ്റുകൾക്ക് 500 ചതുരശ്രയടിയാണ് വിസ്തീർണമായി നിശ്ചയിച്ചിട്ടുള്ളത്. ഏതാണ്ട് 10 ലക്ഷത്തോളം രൂപ ഓരോന്നിനും ചെലവുവരും. ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. 542 ഏക്കർ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഈ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ തൊഴിൽ പരിശീലനം, ശിശുപരിപാലനം, ആരോഗ്യ പരിപാലനം തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കും.
മൂന്നു വിമർശനങ്ങളാണ് ഈ പദ്ധതി്‌ക്കെതിരെ ഉയർത്തുന്നത്. അവയോരോന്നായി പരിശോധിക്കാം.
കേന്ദ്രത്തിന്റെ പദ്ധതിയാണെന്നാണ് ബിജെപിയുടെ വാദം. കേന്ദ്രസർക്കാരിന്റെ സ്‌കീമായ പിഎംഎവൈയും മറ്റും ഇതുമായി സംയോജിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവർ തരുന്നത് എത്ര രൂപയാണ്? ആ പണം കൊണ്ട് വീടു നിർമിക്കാൻ കഴിയുമോ? അക്കാര്യം കൂടി ബിജെപി നേതാക്കൾ വിശദീകരിച്ചാൽ കൂടുതൽ വ്യക്തത വരും.
കേന്ദ്ര സംസ്ഥാന സ്‌കീമുകൾ സംയോജിപ്പിച്ചു തന്നെയാണ് എല്ലാ പാർപ്പിട പദ്ധതിയും തയ്യാറാക്കുന്നത്. പിഎംഎവൈയിൽ നിന്ന് ഗ്രാമപ്രദേശത്ത് 72,000 രൂപയും നഗരപ്രദേശത്ത് ഒന്നര ലക്ഷം രൂപയും ലഭിക്കും. ബാക്കി പണം സംസ്ഥാന സർക്കാരിന്റേതാണ്. ഇന്നോളം നടപ്പാക്കിയിട്ടുള്ള എല്ലാ ഭവന പദ്ധതികളും ഇങ്ങനെ തന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
കേരളം സ്വീകരിക്കുന്ന മുൻകൈകളുടെ പ്രാധാന്യം മനസിലാകാൻ കഴിഞ്ഞ വർഷം ജനുവരിയിൽ ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഒരു പൊതുതാത്പര്യ ഹർജിയിലൂടെ കണ്ണോടിച്ചാൽ മതി. പാവങ്ങൾക്ക് വീടുവച്ചുകൊടുക്കാൻ വിവിധ കേന്ദ്ര സ്‌കീമുകൾ വഴി സംസ്ഥാനത്തിന് ലഭിച്ച 47 കോടി രൂപയിൽ ഒരു രൂപ പോലും സംസ്ഥാനം ചെലവഴിച്ചില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. കേരളത്തിൽ അതല്ല സ്ഥിതി.
കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വഴി ലഭിക്കുന്ന പണത്തിന്റെ എത്രയോ മടങ്ങ് സംസ്ഥാനവും ചെലവിട്ട് പാവങ്ങൾക്ക് വീടുവച്ചു കൊടുക്കുന്നുണ്ട്. അല്ലാതെ ഗുജറാത്തിൽ ചെയ്യുന്നതുപോലെ രാത്രിസത്രങ്ങളുണ്ടാക്കുന്ന ചെപ്പടിവിദ്യയല്ല കേരളത്തിന്റെ രീതി.
യുഡിഎഫിന്റെ പ്രധാന പരാതി, ഇപ്പോൾ പ്രഖ്യാപിക്കുന്ന രണ്ട് ലക്ഷത്തിൽ 50,000 അവരുടെ കാലത്ത് തുടങ്ങിയതാണെന്നാണ്. അതിന്റെ കാര്യം ആദ്യമേ പറഞ്ഞു. ആ കണക്കെടുപ്പിനും താരതമ്യത്തിനും ഈ ഘട്ടത്തിൽ ഞങ്ങളില്ല. സമയംപോലെ നമുക്കു ചെയ്യാം. പക്ഷേ, ഇപ്പോൾ യുഡിഎഫ് ഈ ചടങ്ങ് ബഹിഷ്‌കരിക്കുമ്പോൾ അവരുടെ പഞ്ചായത്തുകളിലും ആഘോഷത്തോടെ വീടുകൾ കൈമാറുകയാണ് എന്ന് ഓർമ്മിക്കുക.
വീട് കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല, യുഡിഎഫുകാരുമുണ്ട്. അവരുടെ മുഖത്തും പുഞ്ചിരിയുണ്ട്. ജീവിതനിലവാരം മെച്ചപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. ആ സന്തോഷവും സംതൃപ്തിയും പങ്കുവയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത്. അതു ചെയ്യാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് കാണിക്കണം.
life mission, thomas issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here