കളമശേരിയിൽ പനി ബാധിച്ച മരിച്ച യുവാവിന് കൊറോണയല്ലെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം; 206 പേർ ഇപ്പോഴും നിരീക്ഷണത്തിൽ

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കൊവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. മലേഷ്യയിൽ നിന്ന് ഫെബ്രുവരി 27ന് നാട്ടിലെത്തിയതായിരുന്നു കണ്ണൂർ പയ്യന്നൂർ സ്വദേശി. ആലപ്പുഴ വൈറോളജി ലാബിലയച്ച ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂനെ വൈറോളജി ലാബിലയച്ച രണ്ടാം പരിശോധനാ ഫലമാണ് ഇപ്പോൾ വന്നതെന്നും മന്ത്രി വ്യക്തമാക്കി.
54 ലോക രാജ്യങ്ങളിൽ കൊവിഡ് 19 രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 206 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 193 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും ആണ് നിരീക്ഷണത്തിലുള്ളത്. പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒൻപത് വ്യക്തികളെ ഇന്ന് നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 488 സംശയാസ്പദമായ സാമ്പിളുകൾ എൻഐവിയിൽ പരിശോധക്ക് അയച്ചിട്ടുണ്ട്. ഇതിൽ 471 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
ജില്ല അനുസരിച്ചുള്ള പട്ടിക താഴെ
നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ് റിലീസിലാണ് വ്യക്തമാക്കിയത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത്. 50 പേരാണ് എറണാകുളത്ത് നിരീക്ഷണത്തിലുള്ളത്. എറണാകുളം കഴിഞ്ഞാൽ തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. വയനാട്ടിൽ ആരും തന്നെ നിരീക്ഷണത്തിലില്ല. കൂടാതെ ചൈന, ഹോങ്കോംഗ്, തായ്‌ലന്റ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി രോഗ പരിശോധയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചു.
corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here