സ്ഥാനാർത്ഥികളുടെ ക്രമിനിൽ കേസ് വിവരങ്ങൾ നൽകാത്തതിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

സ്ഥാനാർത്ഥികളുടെ ക്രമിനിൽ കേസ് വിവരങ്ങൾ നൽകാത്തതിനെ തുടർന്ന് ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. എത്രയും വേഗം വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ ബിജെപി സംസ്ഥാന പ്രസിഡന്റിനു നോട്ടീസ് നൽകി. കമ്മീഷന്റെ തുടർച്ചയായ നിർദേശം ബിജെപി അവഗണിക്കുകയാണെന്നും കേസുകളുടെ വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ ട്വന്റിഫോറിനോട് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥികളാണ് കേസുകളുടെ വിവരങ്ങൾ നൽകാനള്ളത്. കേസുകളുടെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ വരണാധികാരികളെ അറിയിക്കണം. സംസ്ഥാനതലത്തിൽ സ്ഥാനാർത്ഥികളുടെ കേസുകളുടെ വിശദാംശങ്ങൾ ഓരോ രാഷ്ട്രീയ പാർട്ടിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകണം. സിപിഎമ്മും ബിജെപിയും ഇത് നൽകാൻ തായാറയില്ല. കമ്മീഷൻ ആവർത്തിച്ചാവശ്യപ്പെട്ടപ്പോൾ സിപിഐഎം വിശദാംശങ്ങൾ നൽകി. എന്നാൽ, ബിജെപി നിർദേശം അവഗണിക്കുകയായിരുന്നു.
തുടർന്ന് ഒരവസരം കൂടി ബിജെപി നൽകാൻ തീരുമാനിക്കുകയും കേസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിന് നോട്ടീസ് നൽകുകയും ചെയ്തു. എത്രയും വേഗം വിവരങ്ങൾ സമർപ്പിക്കാനാണ് നിർദേശം. 54 സ്വന്തന്ത്ര സ്ഥാനാർത്ഥികളും കേസുകളുടെ വിശദാംശങ്ങൾ നൽകാനുണ്ട്. ഇവർക്കെതിരേയും കർശന നടപടിയെടുക്കുമെന്ന് ടീക്കാറാംമീണ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here