ആർട്ടിക്കിൾ 370 റദ്ദാക്കൽ ചോദ്യം ചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന് വിടേണ്ടതില്ല; സുപ്രിംകോടതി

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ ചോദ്യം ചെയ്തുകൊണ്ടുളള ഹർജികൾ വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രിംകോടതി. കേന്ദ്ര സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജികൾ വിശാല ബെഞ്ചിന് അയക്കരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
Read Also: ഒമർ അബ്ദുള്ളയുടെ തടവ്: ജമ്മുകശ്മീർ ഭരണകൂടത്തിന് സുപ്രിം കോടതി നോട്ടീസ്
അനുച്ഛേദം 370 റദ്ദാക്കിയതും ജമ്മുകശ്മീരിനെ ലഡാക്ക്, ജമ്മുകശ്മീർ എന്നിങ്ങനെ കേന്ദ്രഭരണപ്രദേശമായി വിഭജിച്ചതും ചോദ്യം ചെയ്ത ഹർജികൾ വിശാലബെഞ്ചിന് വിടണമോയെന്നതിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ചംഗ ബെഞ്ച് തന്നെ കശ്മീർ കേസുകൾ തുടർന്ന് കേൾക്കും. എൻ വി രമണയെ കൂടാതെ സഞ്ജയ് കിഷൻ കൗൾ, ആർ സുഭാഷ് റെഡ്ഡി, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലുള്ളത്. വിശദമായി വാദം കേൾക്കുവാനുള്ള തിയതി തീരുമാനിച്ചിട്ടില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് വിവിധ ബെഞ്ചുകൾ വ്യത്യസ്തമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രേംനാഥ് കൗൾ കേസിൽ അനുച്ഛേദം 370 താത്കാലിക സ്വഭാവത്തോടെയുള്ളതാണെന്ന് കോടതി കണ്ടെത്തി. നിയമസഭയുടെ ശുപാർശയോടെ മാത്രമേ അനുച്ഛേദം റദ്ദാക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കിയിരുന്നു. അനുച്ഛേദം 370 ന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രമാണ് സമ്പത്ത് പ്രകാശ് കേസിൽ അംഗീകരിച്ചത്. രണ്ട് വിധികളും അഞ്ചംഗ ബെഞ്ചിൽ നിന്നായതിനാൽ ജമ്മുകശ്മീർ വിഷയം വ്യക്തതയ്ക്കായി ഏഴംഗ ബെഞ്ചിന് വിടണമെന്നായിരുന്നു ആവശ്യം. പ്രത്യേക പദവി എടുത്തു കളഞ്ഞത് ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീർ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണൽ കോൺഫറൻസ് നേതാക്കൾ, പൊതുപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് കോടതിയെ സമീപിച്ചത്.
article 370, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here