ഡൽഹി കലാപം: അഗ്നിക്കിരയായതിൽ ബിജെപി ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റിന്റെ വീടും

ഡൽഹി കലാപകാരികൾ അഗ്നിക്കിരയാക്കിയതിൽ ബിജെപി ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റിന്റെ വീടും. വടക്കു കിഴക്കൻ ഡൽഹിയിലെ ബിജെപിയുടെ ന്യൂനപക്ഷ സെൽ വൈസ് പ്രസിഡൻ്റ് അഖ്തർ റാസയുടെ വീടാണ് കലാപകാരികൾ തീയിട്ടത്. ഭഗീരഥി വിഹാർ നല്ല റോഡിലുള്ള റോഡ് ചൊവ്വാഴ്ചയാണ് അഗ്നിക്കിരയായത്.
“അവർ മതസംബന്ധിയായ മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടായിരുന്നു. രാത്രി ഏഴ് മണിയോട് അനുബന്ധിച്ച്, അവർ ഞങ്ങൾക്ക് നേരെ കല്ലുകൾ എറിഞ്ഞു. ഞാൻ പൊലീസിനെ സഹായത്തിന് വിളിച്ചു. പക്ഷേ, പൊലീസ് ഞങ്ങളോട് സ്ഥലം വിടാൻ പറഞ്ഞു. അവർ വീട് കത്തിക്കുന്നതിനും എല്ലാം തകർക്കുന്നതിനും മുൻപ് ഞങ്ങൾ വീട് വിട്ടു.”- റാസ പറഞ്ഞതായി ടെലഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
“19 മുസ്ലിം വീടുകളാണ് അവിടെ ഉണ്ടായിരുന്നത്. എല്ലാം കണ്ടെത്തി അവർ കത്തിച്ചു. കലാപകാരികൾ പുറത്തു നിന്ന് ഉള്ളവരായിരുന്നു. പക്ഷേ, മുസ്ലിം വീടുകൾ കണ്ടെത്താൻ ചില സ്ഥലവാസികൾ അവരെ സഹായിച്ചു. ആറ് ബൈക്കുകൾ ഉൾപ്പെടെ അവർ കത്തിച്ചു. രണ്ട് അമ്മാവന്മാരുടെ വീടുകൾക്കും അവർ തീയിട്ടു. കലാപത്തിനു ശേഷം ബിജെപിയിൽ നിന്നും ആരും എന്നെ വിളിച്ചില്ല. ആശ്വാസ വാക്കുകളോ സഹായമോ ഒന്നും ലഭിച്ചില്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി ന്യൂനപക്ഷ സെൽ വൈസ് പ്രസിഡൻ്റാണ് റാസ. ബിജെപിയിൽ തുടരണോ എന്നതിനെപ്പറ്റി തീരുമാനിച്ചില്ലെന്നും ചിലപ്പോൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹി കലാപത്തിൽ 45 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 903 ആയിട്ടുണ്ട്. 254 എഫ്‌ഐആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ഇതിൽ ആയുധ നിയമം അനുസരിച്ച് 36 കേസുകൾ ആണ് ഉള്ളത്. സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയതിന് 13 കേസുകളും രജിസ്റ്റർ ചെയ്തു. 1800 ഓളം പേര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Delhi riot: BJP minority cell vice-president’s home burnt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here