‘കോടതി വിധി ദുർവ്യാഖ്യാനിച്ച് പള്ളികൾ പിടിച്ചെടുക്കുന്നു’; സത്യഗ്രഹ സമരവുമായി യാക്കോബായ സഭ

സുപ്രിം കോടതി വിധി ദുർവ്യാഖ്യാനിച്ച് പള്ളികൾ പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് യാക്കോബായ സഭ ഹൈക്കോടതിക്ക് സമീപം സത്യഗ്രഹ സമരം നടത്തുന്നു. ഇന്ന് മുതൽ 5 ദിവസത്തേയ്ക്കാണ് സത്യഗ്രഹ സമരം നടക്കുക. പള്ളി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന യാക്കോബായ സഭാ വിശ്വാസികളെ പൊലീസ് മർദിക്കുകയാണെന്ന് സഭാധ്യക്ഷൻ തോമസ് പ്രഥമൻ കാത്തോലിക ബാവ പറഞ്ഞു. അതേ സമയം, കോതമംഗലം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പിലാക്കാൻ 1 മാസത്തെ സാവകാശം സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കുന്നുവെന്നാരോപിച്ചാണ് സഭാനേതൃത്യവും, വിശ്വാസികളും ഹൈക്കോടതിക്ക് സമീപം സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സമര പരിപാടിയിൽ, ഓരോ ദിവസവും ഓരോ ഭദ്രാസനത്തിൽ നിന്നുള്ള അംഗങ്ങളാകും പങ്കെടുക്കുക. സുപ്രിം കോടതി വിധി കീഴ്‌ക്കോടതിയും, പൊലീസും വളച്ചൊടിക്കുന്നുവെന്ന് യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ പറഞ്ഞു.

അതേ സമയം കോതമംഗലം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ ഒരു മാസത്തെ സാവകാശം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പള്ളി ഏറ്റെടുക്കുന്നതിനായുള്ള കർമ്മ പദ്ധതി സർക്കാർ മുദ്രവെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും സർക്കാർ കോടതിയെ അറിയിച്ചു. പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട് നൽകുന്ന എല്ലാ ഹർജികളും നിലവിൽ അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റാൻ ജസ്റ്റിസുമാരായ എ എം. ഷഫീക് വി ജി അരുൺ, എന്നിവർ നിർദ്ദേശം നൽകി.

Story Highlights: jacobite church hunger strike near high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top