കോഴിക്കോട് ബിരുദ വിദ്യാർത്ഥിയുടെ ആത്മഹത്യ; ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി ജസ്പ്രീത് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടിയതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യൻ അറിയിച്ചു. ഡിജിപി, കോഴിക്കോട് ജില്ലാ കളക്ടർ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എന്നിവരിൽ നിന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോളജിലെ അവസാന വർഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിനെ കോൺവെന്റ് റോഡിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജസ്പ്രീതിന്റെ കുടുംബം 15 വർഷമായി കോഴിക്കോട്ട് സ്ഥിര താമസക്കാരാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയാണ് മുറിക്കുള്ളിൽ ജസ്പ്രീതിനെ തൂങ്ങിയ നിലയിൽ കണ്ടത്. അയൽവാസികളെ അറിയിച്ച് ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വേണ്ടത്ര ഹാജരില്ലാത്തതിനാൽ അവസാന വർഷ പരീക്ഷയെഴുത്താൻ ആവില്ലെന്ന് ജസ്പ്രീതിനെ കോളജ് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
story highlights- suicide, juspreet singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here