മമ്മൂട്ടിയുടെ വൺ ഏപ്രിലിൽ; പുതിയ പോസ്റ്റർ വൈറൽ

ഏപ്രിലിൽ പുറത്തിറങ്ങുന്ന മമ്മൂട്ടിച്ചിത്രം വണ്ണിൻ്റെ പുതിയ പോസ്റ്റർ വൈറൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്. മമ്മൂട്ടിയോടൊപ്പം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മധു, ബാലചന്ദ്ര മേനോന്‍, സിദ്ധിഖ്, രഞ്ജിത്ത്, സലീംകുമാര്‍, മാത്യൂ തോമസ് തുടങ്ങിയവരാണ് പുതിയ പോസ്റ്ററിലുളളത്. പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ചിറകൊടിഞ്ഞ കിനാവുകൾ എന്ന മികച്ച സ്പൂഫ് ചിത്രം സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥൻ അണിയിച്ചൊരുക്കുന്ന ചിത്രമാണ് വൺ. കടക്കൽ ചന്ദ്രൻ എന്ന കേരളത്തിൻ്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന് ബോബി സഞ്ജയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നേരത്തെ, വണ്ണിൻ്റെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ, ഗായത്രി അരുണ്‍, സുദേവ് നായര്‍, ജയന്‍ ചേര്‍ത്തല, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വൈദി സോമസുന്ദരമാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതമൊരുക്കും. നിഷാദ് യൂസഫാണ് എഡിറ്റിങ്ങ്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാണം.
അവസാനമായി പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം ഷൈലോക്ക് തീയറ്ററിൽ മികച്ച ജയം നേടിയിരുന്നു. മമ്മൂട്ടി ബോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് അനീഷ് ഹമീദും ബിബിൻ മോഹനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോബി ജോർജാണ് നിർമ്മാണം. ഗോപി സുന്ദർ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം മീന, രാജ്കിരൺ, സിദ്ധിക്ക്, ബൈജു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു.
Story Highlights: New mammootty movie one poster viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here