വടക്ക് കിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക്; ഞായറാഴ്ചയോടെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങി എത്തി

കലാപം ഉണ്ടായ വടക്ക് കിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു. അർധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുന്ന മേഖലയിലുള്ള ജനങ്ങൾ ഞായറാഴ്ചയോടെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി എത്തി.
അതേസമയം, വീണ്ടും കലാപം ഉണ്ടാകുന്നു എന്ന വ്യാജപ്രചരണം വലിയ ആശങ്കയാണ് ഡൽഹിയിലെ ജനങ്ങളിൽ ഉണ്ടാക്കുന്നത്. തെക്കുകിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും ഞായറാഴ്ച വീണ്ടും അക്രമസംഭവങ്ങൾ ഉണ്ടായെന്ന് പ്രചരിപ്പിച്ചവരെ കണ്ടെത്താൻ ശ്രമങ്ങൾ തുടങ്ങിയ പോലിസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച വ്യാജപ്രചരണം വലിയ ആശങ്ക തെക്കുകിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും ഉണ്ടാക്കിയിരുന്നു. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതക കേസിലെ പ്രതി താഹിർ ഹുസൈനെ കണ്ടെത്താൻ നടക്കുന്ന തിരച്ചിലുകൾ ഇപ്പോഴും ഫലം കണ്ടിട്ടില്ല.
അശാന്തിയുടെയുടെ വാർത്തകൾ രാജ്യത്തിന് നൽകിയ വടക്ക് കിഴക്കൻ ഡൽഹി പൂർണമായും ഇപ്പോൾ ശാന്തമാണ്. കഴിഞ്ഞ 98 മണിക്കൂറായി വടക്ക് കിഴക്കൻ ഡൽഹിയുടെ ഒരു മേഖലയിൽ നിന്നും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സായുധരായ അർധ സൈനിക വിഭാഗത്തിന്റെ കാവലിൽ തന്നെ മേഖല ഇപ്പോഴും തുടരുകയാണ്. ഇന്നലയോടെ കലാപ സമയത്ത് വീടുകൾ ഉപേക്ഷിച്ച് പോയ ഒട്ടുമിക്ക കുടുമ്പങ്ങളും മടങ്ങി എത്തി. സർക്കാർ പ്രഖ്യാപിച്ച അടിയന്തിര സഹായമായ 25,000 രൂപയുടെ വിതരണവും മേഖലയിൽ ആരംഭിച്ചു.
എന്നാൽ, വടക്ക് കിഴക്കൻ ഡൽഹി സമാധാനത്തിലേക്ക് മടങ്ങുമ്പോൾ ഡൽഹിയിലെ മറ്റ് മേഖലകളിൽ കലാപം സൃഷ്ടിയ്ക്കാനുള്ള ശ്രമമാണ് അജ്ഞാതരായ ഒരു വിഭാഗം നടത്തുന്നത്. ഞായറാഴ്ച ഇവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണം തെക്കുകിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും വലിയ ആശങ്ക വിതച്ചു. വ്യാപക ആക്രമങ്ങൾ നടക്കുന്നു എന്നായിരുന്നു പ്രചരണം. വ്യാജപ്രചരണമാണ് നടക്കുന്നതെന്ന് സ്ഥിതികരിച്ച ഡൽഹി പൊലീസ് ശക്തമായ നടപടി ഇതിന് കാരണമായവർക്ക് എതിരെ സ്വീകരിക്കും എന്ന് വ്യക്തമാക്കി.
വ്യാജപ്രചരണം ആദ്യം ആരംഭിച്ചെന്ന് കരുതുന്ന രണ്ട് പേരെ അർധരാത്രിയോടെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഡൽഹിയിൽ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി താഹിർ ഹുസൈന് എതിരായ തിരച്ചിലും തുടരുകയാണ്. ഇയാൾ നഗരം വിട്ടിട്ടില്ല എന്ന അനുമാനത്തിലാണ് പൊലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here