സമാധാന കരാറില്‍ നിന്ന് പിന്‍മാറ്റം ; താലിബാനെതിരെ അമേരിക്കയുടെ വ്യോമാക്രമണം

സമാധാന കരാര്‍ തകര്‍ന്നതിന് പിന്നാലെ താലിബാനെതിരെ അമേരിക്കയുടെ വ്യോമാക്രമണം. അഫ്ഗാനിസ്താനിലെ ഹെല്‍മണ്ട് പ്രവിശ്യയിലാണ് യുഎസ് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ഇന്നലെ രാത്രി താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അഫ്ഗാന്‍ സൈനികരും പൊലീസുകാരുമടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഹെല്‍മണ്ടിലെ നഹര്‍ ഇ സറജിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയതെന്ന് സേനാ വക്താവ് സണ്ണി ലെഗ്ഗെറ്റ് പറഞ്ഞു. അഫ്ഗാന്‍ സുരക്ഷാസേനയെ തുടര്‍ച്ചയായി ആക്രമിച്ചതിനാലാണ് താലിബാനെതിരെ ആക്രമണം നടത്തിയതെന്നും സണ്ണി പറഞ്ഞു. സമാധാനം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അതിനാലാണ് താലിബാനോട് അനാവശ്യ ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ ആക്രണമം തുടരുകയാണെന്നും സണ്ണി ലെഗ്ഗെറ്റ് കൂട്ടിച്ചേര്‍ത്തു.
കുണ്ടൂസിലെ ഇമാം സാഹിബ് ജില്ലയിലുള്ള മൂന്ന് സൈനിക ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ ഇന്നലെ രാത്രി താലിബാന്‍ നടത്തിയ ആക്രമണത്തില്‍ പത്ത് സൈനികരും നാല് പൊലീസുകാരും കൊല്ലപ്പെട്ടതായി പ്രവിശ്യാ കൗണ്‍സില്‍ അംഗം സഫിയുള്ള അമീരി പറഞ്ഞു. മധ്യ ഉറൂസ്ഗാന്‍ പ്രവിശ്യയില്‍ താലിബാന്‍ ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു എന്നും ഏഴ് പൊലീസുകാര്‍ക്ക് പരുക്കേറ്റെന്നും ഗവര്‍ണറുടെ വക്താവ് സെര്‍ഗായ് ഇബാദിയും അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താലിബാന്‍ രാഷ്ട്രീയ ഓഫീസ് മേധാവി മുല്ല അബ്ദുള്‍ ഘാനി ബരാദറുമായി ഫോണില്‍ ചര്‍ച്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. ബരാദറുമായി നല്ല രീതിയിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് ട്രംപ് പിന്നീട് പറയുകയും ചെയ്തിരുന്നു. താലിബാനുമായി അമേരിക്ക, ഖത്തറില്‍ വച്ച് ഫെബ്രുവരി 29ന് ചരിത്രപരമായ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കരാര്‍ വ്യവസ്ഥ പ്രകാരം തടവുകാരെ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സമാധാന കരാറില്‍ നിന്ന് ഭാഗികമായി പിന്‍മാറുകയാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.
US air strikes against Taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here