കോതമംഗലം പള്ളിത്തർക്കം; വിധി നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

കോതമംഗലം പള്ളിത്തർക്കത്തിൽ വിധി നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ. സർക്കാർ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്. പള്ളിത്തർക്കത്തിലെ വിവിധ ഹർജികൾ ഒരുമിച്ച് നാളെ പരിഗണിക്കും.
കോതമംഗലം പള്ളി, ജില്ലാ കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്. ഇതോടൊപ്പം യാക്കോബായ സഭ, കോതമംഗലം മതമൈത്രി സമിതി എന്നിവരടക്കമുള്ളവരുടെ ഹർജികളും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കെത്തി. സർക്കാർ അപ്പീലിൽ ഒരാഴ്ചത്തെ ഇടക്കാല സ്റ്റേയാണ് അനുവദിച്ചത്. കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജസ്റ്റിസുമാരായ എ എം ഷഫീഖ്, വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാകും ഇനി കേൾക്കുക.
ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ വിധി പറയുന്നതിൽ നിന്ന് സിംഗിൾ ബെഞ്ചിനെ വിലക്കിയിട്ടുണ്ട്. സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവെന്നാണ് ഹർജിയിലെ സർക്കാർ വാദം. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസപരമായ അവകാശങ്ങൾ നിലനിർത്തണമെന്നാണ് സുപ്രിംകോടതി ഉത്തരവെന്നും അപ്പീൽ ഹർജിയിൽ സർക്കാർ വാദിക്കുന്നു.
story highlights- kothamangalam church, Highcourt of kerala, jacobite, orthodox
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here