ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്

ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരെ 2020 ലെ കേരളത്തിലെ ശ്രദ്ധേയ വനിതാ സംരംഭകത്വ അവാര്‍ഡിന് (Outstanding Woman Etnrepreneur of Kerala) തെരഞ്ഞെടുത്തു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം. ഈ മാസം ഏഴിന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും
ശ്രുതി ഷിബുലാല്‍
സ്ത്രീകള്‍ പൊതുവേ കടന്നു വരാത്ത വന്‍കിട ഹോട്ടല്‍ വ്യവസായ ശൃംഖലയില്‍ കടന്നുവന്ന് സ്വന്തമായൊരു ബ്രാന്റുണ്ടാക്കി വിജയം കൈവരിച്ച യുവ സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്റായ താമരലെഷര്‍ എക്‌സ്പീരിയന്‍സിന്റെ സ്ഥാപകയും സിഇഒയും കൂടിയാണ് ശ്രുതി. പ്രകൃതി സൗഹൃദ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഉദാഹരണമാണ് 2012ല്‍ ശ്രുതി ഷിബുലാല്‍ സ്ഥാപിച്ച താമര കൂര്‍ഗ്. കേരളത്തിലും ഈ ഗ്രൂപ്പിന്റെ നിരവധി സംരംഭങ്ങളുണ്ട്.
പൂര്‍ണിമ ഇന്ദ്രജിത്ത്
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭയായി മാറിയ റോള്‍ മോഡലാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013 ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായി. ഇന്ത്യന്‍, പാശ്ചാത്യ ട്രന്റിനോടൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ പോലുള്ള പ്രശസ്തമായ പ്ലാറ്റ്‌ഫോമുകള്‍ പ്രാണയെത്തേടിയെത്തി. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മ രൂപീകരിച്ച് അവരെ സഹായിക്കുകയും ചെയ്തു.
ഷീല ജെയിംസ്
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ, സ്ത്രീകള്‍ പൊതുവേ കടുന്നുവരാന്‍ മടിക്കുന്ന സമയത്ത് 1986 ല്‍ ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ രംഗത്ത് കടന്നു വരികയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത സംരംഭകയാണ് ഷീല ജെയിംസ്. ഒരൊറ്റ തയ്യല്‍ മെഷീനും ഒരൊറ്റ തയ്യല്‍ക്കാരനെയും ഉപയോഗിച്ച് 1986 ല്‍ ആരംഭിച്ച ചെറിയ സംരംഭമാണ് ഇന്നീ നിലയിലെത്തിയത്. ഇപ്പോള്‍ ‘സറീന ബോട്ടിക്ക്’ എന്ന സ്ഥാപനത്തിലൂടെ തലസ്ഥാന നഗരത്തിലെ വിവിധ തലമുറകളുടെ സ്ത്രീകളുടെ ഫാഷന്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ശക്തിയായി മാറി. വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കരകൗശലത്തൊഴിലാളികളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തി.
Story Highlights: womens day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here