ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിയിൽ അഗാർക്കർ ഇല്ല; കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി

ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിയുടെ തലവനായി മുൻ താരം സുനിൽ ജോഷിയെ ഉപദേശക സമിതി കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുത്തത്. അപേക്ഷ നൽകിയിരുന്ന അജിത് അഗാർക്കറെ ഒഴിവാക്കി ജോഷിയെ തെരഞ്ഞെടുത്തത് ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം പറഞ്ഞ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്.
വിവിധ സോണുകളിൽ നിന്നുള്ളവരെയാണ് സെലക്ഷൻ കമ്മിറ്റിയിൽ പരിഗണിക്കുക. മുംബൈക്കാരനായ അഗാർക്കർ സെൻട്രൽ സോണിൽ നിന്നുള്ള ആളാണ്. നിലവിൽ സെലക്ഷൻ കമ്മിറ്റിയിലുള്ള ജതിൻ പരഞ്ജ്പെ സെൻട്രൽ സോണിൽ നിന്ന് തന്നെയുള്ള ആളാണ്. അതുകൊണ്ടാണ് അഗാർക്കറെ പരിഗണിക്കാതിരുന്നത്. അടുത്ത തവണ അഗാർക്കറെ പരിഗണിക്കും എന്ന് ഗാംഗുലി സൂചിപ്പിച്ചു.
നിലവിൽ കമ്മിറ്റിയിലുണ്ടായിരുന്ന പരഞ്ജ്പെ, ദേവാങ് ഗാന്ധി, ശരൺ ദീപ് സിങ് എന്നിവരുടെ കാലാവധി ഈ സെപ്തംബറിൽ അവസാനിക്കും. അപ്പോൾ വീണ്ടും മൂന്ന് പേരെ സെലക്ഷൻ കമ്മിറ്റിയിലേക്ക് പരിഗണിക്കും. അഗാർക്കർക്കൊപ്പം ഇപ്പോൾ അപേക്ഷ നൽകിയിരുന്ന നയൻ മോംഗിയ, മനീന്ദർ സിംഗ് എന്നിവരെയും ആ സമയത്ത് സെലക്ഷൻ കമ്മിറ്റിയിലേക്ക് പരിഗണിക്കും.
കർണാടകക്കാരനാണ് സുനിൽ ജോഷി. സ്ഥാനമൊഴിഞ്ഞ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദിനു പകരക്കാരനായി ജോഷി എത്തിയപ്പോൾ ഗഗൻ ഖോഡക്ക് പകരം ഹർവീന്ദർ സിംഗും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെട്ടു. മുൻ ഇന്ത്യൻ താരങ്ങളായ മദൻ ലാൽ, ആർപി സിംഗ്, സുലക്ഷണ നായിക് എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് പുതിയ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനെയും അംഗത്തെയും തിരഞ്ഞെടുത്തത്.
ഈ മാസം 12 മുതൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരക്കുള്ള ടീമിനെയാണ് പുതിയ സെലക്ഷൻ കമ്മിറ്റി ആദ്യമായി തിരഞ്ഞെടുക്കുക.
Story Highlights: indian cricket team selection committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here