ജീവനക്കാരന് കൊവിഡ് 19; ഫേസ്ബുക്ക് ഓഫീസ് അടച്ചു

ജീവനക്കാരന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് ഓഫീസ് അടച്ചു. അമേരിക്കൻ സംസ്ഥാനമായ വാഷിംഗ്ടണിലെ സിയാറ്റിലുള്ള ഫേസ്ബുക്ക് ഓഫീസാണ് ഈ മാസാവസാനം വരെ അടച്ചിടാൻ തീരുമാനിച്ചത്. ഓഫീസിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിയെടുക്കാനാണ് നിർദ്ദേശം.
ഈ ആഴ്ച സിയാറ്റിലിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊറോണ പോസിറ്റീവ് കേസാണിത്. ഫെബ്രുവരി 21നാണ് ഇയാൾ അവസാനമായി ഓഫീസിൽ എത്തിയത്. സ്റ്റേഡിയം ഈസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഫേസ്ബുക്ക് മുഖ്യവക്താവ് ട്രേസി ക്ലെയ്ടൺ പറഞ്ഞു. മറ്റു ജീവനക്കാർക്ക് ഇതേപ്പറ്റി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവരുടെ സുരക്ഷ കണക്കിലെടുത്ത് പൊതു ആരോഗ്യ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ട്രേസി കൂട്ടിച്ചേർത്തു. മാർച്ച് 31 വരെ ജീവനക്കാർ വീടുകളിലിരുന്നാണ് ജോലിയെടുക്കേണ്ടത് എന്നും കിംഗ് കൗണ്ടി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
നേരത്തെ, സിയാറ്റിലെ ആമസോൺ ആസ്ഥാനത്തെ ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ആമസോൺ നേരത്തെ പുറത്തു വിട്ടിരുന്നു. ഇറ്റലിയിലെ രണ്ട് ആമസോൺ ജീവനക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
അതേ സമയം, ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പേടിഎം ഓഫീസ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓഫീസുകൾ അടച്ചിരുന്നു. പേടിഎമിൻ്റെ നോയിഡിലെയും, ഗുരുഗ്രാമിലെയും ഓഫീസുകളാണ് അടച്ചത്. വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഇറാനിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. അതേസമയം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മലയാളി ഫാർമസി വിദ്യാർത്ഥി ബംഗളൂരുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
Story Highlights: Facebook shuts its office after one contractor tests positive for coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here