കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസെടുത്താൽ അനിശ്ചിതകാല പണിമുടക്ക്; തൊഴിലാളി സംഘടനകൾ

കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിലപാട് കടുപ്പിച്ച് തൊഴിലാളി യൂണിയനുകൾ. ജീവനക്കാർക്കെതിരെ നടപടിയുണ്ടായാൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കുമെന്ന് ഐടിയുസി അനുകൂല സംഘടന കെഎസ്ടിഇയു പറഞ്ഞു. സമരത്തെ തള്ളി പറഞ്ഞ മന്ത്രിമാർക്കെതിരെ എഐടിയുസി നേതാവ് തുറന്നടിച്ചു.
Read Also: കെഎസ്ആർടിസി മിന്നൽ പണിമുടക്ക്: പങ്കെടുത്തവർക്കെതിരെ കടുത്ത നടപടി
ഇന്നലെ ഒരു തൊഴിലാളി സംഘടനയും ആഹ്വാനം ചെയ്യാതെയാണ് സ്വമേധയാ തൊഴിലാളികള് സമരത്തിനിറങ്ങിയത്. ആദ്യം റോഡിന്റെ വശത്താണ് വണ്ടികൾ പാർക്ക് ചെയ്തത്. പിന്നീട് ദൂരദേശത്തുനിന്നുള്ള ബസുകൾ കൂടി വന്നപ്പോഴാണ് ഗതാഗതക്കുരുക്കുണ്ടായത്. ആർടിഒയുടെയും കളക്ടറുടെയും റിപ്പോർട്ട് പ്രകാരം മന്ത്രിയുടെ നീക്കം ഡ്രൈവറുടെയും കണ്ടക്ടറുടെയും ഒക്കെ ലൈസൻസ് റദ്ദാക്കാനാണെങ്കിൽ ഇവരൊക്കെ തന്നെ വാഹനം ഓടിക്കേണ്ടി വരും. നിലപാടിൽ ഉറച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ടിഇയു- എഐടിയുസി ജനറൽ സെക്രട്ടറി എം ജി രാഹുൽ ട്വന്റിഫോറിനോട് പറഞ്ഞു.
പല പരാതികളിലായി ഇതിനകം ആറ് കേസുകളാണ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ തമ്പാനൂർ, ഫോർട്ട് സ്റ്റേഷനുകളിൽ എടുത്തിട്ടുള്ളത്. മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞു വീണ സുരേന്ദ്രന്റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്.
മിന്നൽ പണിമുടക്കിനെ കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. കെഎസ്ആർടിസിയിൽ എസ്മ ബാധകമാക്കണമെന്നും കലക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം പണിമുടക്കിനെതിരെ എസ്മ നിയമ പ്രകാരം കേസെടുത്തതായി സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു. സമരക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.
ksrtc indefinite strike by unions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here