ഭൂമിയേറ്റെടുക്കല്‍ നിയമം ; നിര്‍ണായക വ്യാഖ്യാനവുമായി സുപ്രിംകോടതി

ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകളില്‍ നിര്‍ണായക വ്യാഖ്യാനവുമായി സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് അഞ്ച് വര്‍ഷത്തിനകം ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെങ്കിലും ഏറ്റെടുക്കല്‍ നടപടി അസ്ഥിരമാകില്ലെന്ന് സുപ്രിംകോടതി വിധിച്ചു. നഷ്ടപരിഹാരത്തുക ഭൂവുടമയുടെ അക്കൗണ്ടില്‍ തന്നെ നിക്ഷേപിക്കണമെന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ഇരുപത്തിനാലാം വകുപ്പാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യാഖാനിച്ചത്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് അഞ്ച് വര്‍ഷത്തിനകം ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെങ്കിലും ഏറ്റെടുക്കല്‍ നടപടി അസ്ഥിരമാകില്ല. ഭൂവുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുകയും അഞ്ച് വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കാതിരുന്നാലും നടപടികള്‍ റദ്ദാകില്ല. നഷ്ടപരിഹാരത്തുക ട്രഷറിയില്‍ കെട്ടിവച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭൂമിയേറ്റെടുക്കല്‍ റദ്ദാക്കണമെന്ന് പറയാന്‍ ഉടമകള്‍ക്കാകില്ല.
സര്‍ക്കാരിന് ട്രഷറിയില്‍ പണം കെട്ടിവയ്ക്കാം. ഭൂവുടമയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നില്ല. കോടതിയില്‍ കെട്ടിവയ്ക്കണമെന്നില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. വിധി കര്‍ഷകര്‍ക്കും ഭൂമിയുടമകള്‍ക്കും ഗുണം ചെയ്യുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ ബെഞ്ച് വിധിയോടെ നേരത്തെ സുപ്രിംകോടതി രണ്ടംഗ ബെഞ്ചും മൂന്നംഗ ബെഞ്ചും പുറപ്പെടുവിച്ച വിധികള്‍ അപ്രസക്തമായി. വാദം കേള്‍ക്കുന്ന ബെഞ്ചില്‍ നിന്ന് അരുണ്‍ മിശ്ര പിന്മാറണമെന്ന് ഒരുവിഭാഗം കക്ഷികളും കര്‍ഷക സംഘടനയും നേരത്തെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
Story Highlights- Land Acquisition Act, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here