ആ ബസില്‍ ഡോക്ടര്‍ സൗമ്യ ഇല്ലായിരുന്നെങ്കില്‍

ഒരു അപകടം നടന്നാല്‍ അവിടേക്ക് എത്തി നോക്കി സമയം കളയാതെ അകന്നു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചില നേരത്തെ നമ്മുടെ ഇടപെടല്‍ കൊണ്ട് തിരിച്ച് കിട്ടുന്നത് ഒരു ജീവനാകും. അങ്ങനെ ഒരാളുടെ ജീവന്‍ തിരിച്ചു പിടിച്ച കഥയിലെ നായികയാണിപ്പോള്‍ തൃശൂര്‍ അശ്വനി ആശുപത്രിയിലെ ഡോക്ടര്‍ സൗമ്യ.
കഴിഞ്ഞ ജനുവരി 29ന് മാള തൃശൂര്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് അവിണിശേരി കുറ്റിക്കാട്ട് വീട്ടില്‍ ജോയിയെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇടിച്ച് തെറിപ്പിച്ചു. ആള്‍ക്കാര്‍ ഓടിക്കൂടി ജോയിയെ വാഹനത്തില്‍ കയറ്റുമ്പോഴേക്കും പ്രതീക്ഷ കൈവിട്ടിരുന്നു. അവിടെയാണ് ആ ഇടപെടല്‍ കരുത്തായത്. അപകടസ്ഥലമായ ഒല്ലൂര്‍ പനംകുറ്റിച്ചിറയില്‍ നിന്ന് കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രി വരെയുള്ള 15 മിനിട്ട് നേരം തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും ഡോക്ടര്‍ സൗമ്യ ജോയിക്ക് സിപിആര്‍ നല്‍കി. കൈകള്‍ തളര്‍ന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ സിപിആര്‍ രക്ഷാരീതി പരിശീലിപ്പിച്ച് ജോയിക്ക് കരുതലായി. തുടര്‍ന്ന് എലൈറ്റിലെ ഡോക്ടര്‍മാര്‍ക്കൊപ്പം ജോയിയുടെ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിപ്പിച്ചു.
ഇടിച്ച കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്ന ഡോക്ടര്‍, ഇന്ന് ജോയിയുടെ കുടുംബാംഗങ്ങള്‍ക്ക് കണ് കണ്ട ദൈവമാണ്. പൂര്‍ണ ബോധത്തിലേക്ക് ജോയ് എത്തിയിട്ടില്ലെങ്കിലും ആ മനുഷ്യന്‍ ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. ഇതിനെല്ലാം കാരണക്കാരിയായതകട്ടെ പ്രതിസന്ധിഘട്ടത്തെ മനക്കരുത്ത് കൊണ്ട് നേരിട്ട മാള വടമ സ്വദേശി ഡോക്ടര്‍ ടി എസ് സൗമ്യയും.
Story Highlights- Doctor Soumya, saves life