തൊടുപുഴ മുൻ സിഐക്ക് സസ്‌പെൻഷൻ

തൊടുപുഴ മുൻ സി. ഐ എൻ ശ്രീമോനെ സസ്‌പെൻഡ് ചെയ്തു. ശ്രീമോനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ശ്രീമോനെതിരെ നടപടിയെടുത്ത ശേഷം റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.
സിവിൽ തർക്ക കേസിൽ ശ്രീമോൻ അന്യായമായി ഇടപെട്ട് പീഡിപ്പിച്ചുവെന്ന് കാണിച്ച് തൊടുപുഴ സ്വദേശി നൽകിയ ഹർജിയിലാണ് ശ്രീമോനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടിയുണ്ടായിരിക്കുന്നത്. പരാതിയിൽ അന്വേഷണം നടത്തിയ വിജിലൻസ് ഐ.ജി എച്ച് വെങ്കിടേഷ് ശ്രീമോനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
സിഐക്കെതിരായ മുപ്പതോളം പരാതികളിൽ പതിനെട്ട് പരാതികളിലും കഴമ്പുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് പരിഗണിച്ച കോടതി ശ്രീമോനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ശ്രീമോനെ ഇനിയും സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന് പറഞ്ഞ കോടതി ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാകുമെന്നും പറഞ്ഞു. ഹർജി 13ന് വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here