കൊല്ലത്ത് ഭാര്യയേയും മകനേയും വെട്ടിക്കൊന്ന ശേഷം മുൻ സൈനികൻ തൂങ്ങിമരിച്ചു

കൊല്ലം ജില്ലയിലെ ഇട്ടിവ വയ്യാനത്ത് മുൻ സൈനികൻ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. വയ്യാനം സ്വദേശി സുദർശനൻ ആണ് ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് സൂചന.
ഭാര്യ വസന്തകുമാരിയേയും മകനായ വിശാഖിനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷമാണ് സുദർശനൻ തൂങ്ങിമരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഏറെ നാളായി കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിൽ കേസ് നിലനിൽക്കുകയായിരുന്നു. പൊലീസ് ധാരണപ്രകാരം വീടിനോട് ചേർന്നുള്ള സ്റ്റോർ റൂമിൽ ആയിരുന്നു സുദർശനൻ താമസിച്ചുകൊണ്ടിരുന്നത്. തൊട്ടടുത്തു താമസിക്കുന്ന ഭാര്യയുമായി കഴിഞ്ഞ ദിവസങ്ങളിൽ വഴക്ക് രൂക്ഷമായിരുന്നതായി അയൽവാസികൾ പറയുന്നു.
രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നു. എന്നാൽ ഇവിടെ സ്ഥിരം വഴക്ക് ഉണ്ടാകുന്നതിനാൽ നാട്ടുകാർ ആരും അത് കാര്യമായി എടുത്തില്ല. ഉച്ച കഴിഞ്ഞിട്ടും ആരെയും പുറത്തു കാണാതായതോടെ സംശയം തോന്നിയ നാട്ടുകാർ വീട്ടിൽകയറി പരിശോധിച്ചപ്പോഴാണ് അമ്മയും മകനും രക്തത്തിൽ കുളിച്ച നിലയിലും സുദർശനൻ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടത്. വസന്തകുമാരി അടുക്കളയോട് ചേർന്നുള്ള വീട്ടിലും മകൻ കിടപ്പുമുറിയിലുമാണ് മരിച്ചു കിടന്നത്.
മരിച്ച വസന്തകുമാരി വീട്ടമ്മയും വിശാഖ് ഒരു സ്വകാര്യ ബാങ്കിന്റെ ലീഗൽ അഡൈ്വസറുമായിരുന്നു. സംഭവത്തെക്കുറിച്ച് കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here