ധവാനും ഭുവിയും ഹർദ്ദികും തിരികെ എത്തി; രോഹിത് ഇല്ല: ദക്ഷിണാഫ്രിക്കക്കെതിരായ ടീം പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ് പുറത്തായിരുന്ന ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നിവർ ടീമിലേക്ക് തിരികെയെത്തി. പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന രോഹിത് ടീമിൽ ഇടം നേടിയില്ല. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. മുൻ താരം സുനിൽ ജോഷിയുടെ കീഴിലുള്ള സെലക്ഷൻ കമ്മറ്റി ചുമതല ഏറ്റതിനു ശേഷം ആദ്യമായി പ്രഖ്യാപിച്ച ടീം ആണ് ഇത്.
ഏറെ പ്രത്യേകതകളോ സർപ്രൈസുകളോ ഇല്ലാത്ത ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പരുക്കേറ്റ് ആറു മാസത്തോളം കളിക്കളത്തിനു പുറത്തായിരുന്ന ഹർദ്ദിക്, ഡിവൈ പാട്ടിൽ ടി-20 ടൂർണമെൻ്റിൽ ഗംഭീര പ്രകടനം നടത്തിഉ ഫോമും ഫിറ്റ്നസും തെളിയിച്ചിരുന്നു. ഭുവനേശ്വരും ശിഖർ ധവാനും ഡിവൈ പാട്ടിൽ ടൂർണമെൻ്റിൽ കളിച്ചെങ്കിലും അത്ര മികച്ച പ്രകടനങ്ങളല്ല നടത്തിയത്. എങ്കിലും രോഹിതിന് പരുക്ക് പറ്റിയത് ധവാനും ബുംറയുടെ ഫോം ഇല്ലായ്മ ഭുവനേശ്വറിനും ഗുണമാവുകയായിരുന്നു. ഇവർക്കൊപ്പം ശുഭ്മൻ ഗില്ലും ടീമിൽ ഇടം നേടി. ശിവം ദുബെ, മായങ്ക് അഗർവാൾ, ശർദുൽ താക്കൂർ, കേദാർ ജാദവ് എന്നിവർ ടീമിൽ നിന്ന് പുറത്തായി.
മൂന്ന് എകദിനങ്ങൾക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്തുക. മാർച്ച് 12ന് ധരംശാലയിൽ വച്ച് ആരംഭിക്കുന്ന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിൽ നടക്കും.
ന്യൂസീലൻഡിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകൾ വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഇന്ത്യക്ക് ക്ഷീണമാണ്. അതേ സമയം, ഡികോക്കിൻ്റെ നായകത്വത്തിനു കീഴിൽ മെച്ചപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു.
#TeamIndia for 3-match ODI series against SA – Shikhar Dhawan, Prithvi Shaw, Virat Kohli (C), KL Rahul, Manish Pandey, Shreyas Iyer, Rishabh Pant, Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Yuzvendra Chahal, Jasprit Bumrah, Navdeep Saini, Kuldeep Yadav, Shubman Gill. pic.twitter.com/HD53LRAhoh
— BCCI (@BCCI) March 8, 2020
Story Highlights: India team announced against south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here