വിവിധ പദ്ധതികൾക്ക് അനുവദിച്ച കോടിക്കണക്കിന് രൂപ വനിതാ- ശിശു വികസന വകുപ്പ് പാഴാക്കുന്നു

സംസ്ഥാനത്ത് വനിതാ ശാക്തീകരണം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്ക് അനുവദിച്ച കോടിക്കണക്കിന് രൂപ വനിതാ- ശിശു വികസന വകുപ്പ് പാഴാക്കുന്നു. 450 കോടി അനുവദിച്ചതിൽ 197 കോടി മാത്രമേ പദ്ധതികൾക്കായി ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ വനിതാ വികസന കോർപറേഷൻ ചെലവാക്കിയത് 15 ശതമാനവും കാവൽ- കരുതൽ പദ്ധതിക്കായി ചെലവാക്കിയത് 3.15 ശതമാനവും മാത്രമാണ്.
Read Also: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍
സംസ്ഥാനത്ത് വനിതകൾക്കും കുട്ടികൾക്കുമായി 41 പദ്ധതികളാണ് വനിതാ- ശിശു വികസന വകുപ്പ് നടപ്പാക്കുന്നത്. ഇതിനായി 450 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ മാർച്ച് ആദ്യ വാരം കഴിയുമ്പോഴും 197 കോടി മാത്രമേ പദ്ധതികൾക്കായി ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതായത് 43.79 ശതമാനം. അനുവദിച്ച തുകയിൽ 413 കോടിയും വനിതാ-ശിശു വികസന വകുപ്പ് നേരിട്ട് നടത്തുന്ന പദ്ധതികൾക്കായിരുന്നു. ഇതിൽ 189 കോടി മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 30 കോടി അനുവദിച്ചിരുന്നു. എന്നാൽ 4.51 കോടി മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. വനിതാ കമ്മീഷനാകട്ടെ 45.45 ശതമാനം ചെലവഴിച്ചപ്പോൾ ബാലവകാശ കമ്മിഷൻ 80 ശതമാനം തുക പദ്ധതികൾക്കായി ചെലവാക്കി. വകുപ്പ് നടപ്പാക്കുന്ന നാഷണൽ ന്യൂട്രീഷൻ മിഷനുവേണ്ടി 3.63 ശതമാനവും നിർഭയഹോമിനായി 26.40 ശതമാനവുമാണ് ചെലവഴിച്ചത്. വനിതാശക്തീകരണത്തിന് 33 ശതമാനം, അതിക്രമത്തിനിരയായവർക്കുള്ള അടിയന്തര സഹായം 10.71 ശതമാനം, കാവൽ കരുതൽ പദ്ധതി 3.15 ശതമാനം, 19 വയസുവരെയുള്ള പെൺകുട്ടികൾക്കുള്ള മനഃശാസ്ത്ര സേവനം 40.62 ശതമാനം എന്നിങ്ങനെയാണ് മറ്റ് പദ്ധതികളുടെ സ്ഥിതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here