ആറ്റുകാല്‍ പൊങ്കാല: അത്യാഹിതങ്ങളില്‍ ഓടിയെത്താന്‍ ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകള്‍ തയാര്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ആദ്യം ഓടിയെത്താന്‍ ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകള്‍ തയാര്‍. ആംബുലന്‍സുകളുടെ വിന്യാസം നിയന്ത്രിക്കാന്‍ ആറ്റുകാല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ 108 ആംബുലന്‍സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആറ്റുകാല്‍, തമ്പാനൂര്‍, കിള്ളിപ്പാലം, കരമന, മണക്കാട് ജംഗ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട്, കമലേശ്വരം ജംഗ്ഷന്‍, കാലടി, പവര്‍ ഹൗസ് റോഡ്, കൊഞ്ചിറവിള, കല്ലുരമൂട്, ബൈപാസ്, മണക്കാട് വലിയപള്ളി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ 108 ബേസിക്ക് ലൈഫ് ആംബുലന്‍സുകളുടെ സേവനം ലഭ്യമാണ്.
റേഡിയോ അമച്വര്‍ സൊസൈറ്റി ഓഫ് അനന്തപുരിയുടെ ആഭിമുഖ്യത്തില്‍ ഹാം റേഡിയോ ഓപ്പറേറ്റേഴ്സിന്‍റെ സേവനം ഉപയോഗപ്പെടുത്തിയാണ് ആംബുലന്‍സുകളുടെ വിന്യാസവും നിയന്ത്രണവും. അത്യാഹിത സന്ദേശം ലഭിക്കുന്ന മുറയ്ക്ക് ഇത് ആദ്യം സമീപത്തുള്ള ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറുകള്‍ക്ക് കൈമാറും.
108 ആംബുലന്‍സ് സര്‍വീസിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും ഒരു ഹാം റേഡിയോ ഓപ്പറേറ്ററുമാണ് ബൈക്ക് ഫസ്റ്റ് റെസ്‌പോണ്ടറില്‍ ഉണ്ടാകുക. സംഭവ സ്ഥലത്തെത്തി രോഗിയെ പരിശോധിച്ച് ഇവര്‍ പ്രഥമ ശുശ്രൂഷ നല്‍കും. ആവശ്യമെങ്കില്‍ മാത്രം രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇവര്‍ ആംബുലന്‍സിലേക്ക് സന്ദേശം കൈമാറും.
Story Highlights: aattukal ponkala ulsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here