അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന് പറയാനാവില്ല; ബാർതലോമ്യൂ ഓഗ്ബച്ചെ

വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്ന് ക്യാപ്റ്റൻ ബാർതലോമ്യൂ ഓഗ്ബച്ചെ. ഐഎസ്എലിനു വേണ്ടി ആനന്ദ് ത്യാഗിക്കു നൽകിയ വൺ ഓൺ വൺ അഭിമുഖത്തിലാണ് ബ്ലാസ്റ്റേഴ്സ് നായകൻ മനസ്സു തുറന്നത്. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്നത് ഉടൻ അറിയിക്കാമെന്നും ഇപ്പോൾ അത് പറയാനാവില്ലെന്നും ഓഗ്ബച്ചെ പറഞ്ഞു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിൻ്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. 16 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ നേടിയ ഓഗ്ബച്ചെ നിലവിൽ ഏറ്റവുമധികം നേടിയ കളിക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എടികെ ഫോർവേഡ് റോയ് കൃഷ്ണക്കും അത്ര തന്നെ ഗോളുകൾ ഉണ്ടെങ്കിലും റോയ് 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈയിൻ ഫോർവേഡ് നെരിജസ് വാൽസ്കിസിന് 14 ഗോളുകൾ ഉണ്ട്. എടികെ -ചെന്നൈ ഫൈനലിൽ ഓഗ്ബച്ചെയുടെ ഗോൾഡൻ ബൂട്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും താരം നടത്തിയ പ്രകടനം വിലമതിക്കാനാവാത്തതാണ്. സീസണിൽ 15 ഗോളുകൾ നേടിയ അദ്ദേഹം, ബ്ലാസ്റ്റേഴ്സിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന സികെ വിനീതിൻ്റെ റെക്കോർഡ് നേരത്തെ മറികടന്നിരുന്നു.
സീസണിൽ 7ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ ചെയ്തത്. 18 മത്സരങ്ങളിൽ 4 എണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ഏഴ് വീതം മത്സരങ്ങളിൽ സമനില പാലിക്കുകയും പരാജയപ്പെടുകയും ചെയ്ത ബ്ലാസ്റ്റേഴ്സിന് 19 പോയിൻ്റുകളാണ് ഉള്ളത്.
Story Highlights: bartolomeu ogbeche about kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here