ജനാധിപത്യ കേരള കോൺഗ്രസ് പിളരുന്നു; ഫ്രാൻസിസ് ജോർജ് ജോസഫ് പക്ഷത്തേക്ക്

ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസ് പിളരുന്നു. ഫ്രാൻസിസ് ജോർജും മുൻ എം പി വക്കച്ചൻ മറ്റത്തിലും ജോസഫ് പക്ഷത്തേക്ക് പോകാൻ തീരുമാനിച്ചു. നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുക്കില്ല. ഫ്രാൻസിസ് ജോർജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആന്റണി രാജുവും കെ സി ജോസഫും എൽഡിഎഫിൽ തുടരുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ജോസഫുമായി ലയിക്കണമെന്ന് പൊതുവികാരം. ലയനവുമായി ബന്ധപ്പെട്ട് പാർട്ടി കമ്മിറ്റിയിൽ തീരുമാനമെടുക്കുമെന്നും ഫ്രാൻസിസ് ജോർജ് ട്വന്റിഫോറിനോട് വ്യക്തമാക്കി.
ഫ്രാൻസിസ് ജോർജിനെ ഒപ്പം കൂട്ടാൻ ജോസഫ് വിഭാഗം നേരത്തേ ശ്രമം ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗവും അനൗപചാരിക ചർച്ചകൾ നടത്തി. ഫ്രാൻസിസ് ജോർജ് വിഭാഗവുമായി പ്രാരംഭ ചർച്ച നടത്തിയിരുന്നതായി പി.ജെ. ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ജോസ് കെ മാണിയുമായുളള അഭിപ്രായഭിന്നത മൂലമാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുളള വിഭാഗം കേരള കോൺഗ്രസ് (എം) വിട്ട്, ജനാധിപത്യ കേരള കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭാഗമായി നാലു സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here