കൊറോണ; നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദർശനം റദ്ദാക്കി

ബംഗ്ലാദേശിലും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാക്ക സന്ദർശനം റദ്ദാക്കി. ഈ മാസം പതിനേഴിനായിരുന്നു മോദി ധാക്കയിലേക്ക് പോകാനിരുന്നത്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബ് റഹ്മാന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രിക്ക് ക്ഷണം.
ഞായറാഴ്ചയാണ് ബംഗ്ലാദേശിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരിലാണ് രോഗം കണ്ടെത്തിയത്. ഇതിൽ രണ്ടു പേർ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയവരാണ്. കൊറോണ പടർന്ന് പിടിക്കുന്നത് തടയാൻ ശൈഖ് മുജീബ് റഹ്മാന്റെ ശതാബ്ദിയോടനുബന്ധിച്ച ആഘോഷങ്ങൾ ബംഗ്ലാദേശ് സർക്കാർ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആഗോളവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന രണ്ടാമത്തെ ചടങ്ങാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മുമ്പ് ഇന്ത്യ യൂറോപ്യൻ യൂണിയൻ ഉച്ചകോടി കൊറോണ വൈറസ് ഭീതിയെ തുടർന്ന് മാറ്റിവച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here