ബെയർ ഗ്രിൽസിനൊപ്പം ‘ഇൻ ടു ദ വൈൽഡിൽ’ അതിഥിയായി രജനികാന്ത്: വൈറലായി പ്രമോ

ഡിസ്കവറി ചാനലിൻ്റെ പ്രശസ്തമായ പരിപാടിയായ ‘ഇൻ ടു ദ വൈൽഡിൽ’ അതിഥിയായി സൂപ്പർ സ്റ്റാർ രജനികാന്ത് എത്തുന്ന എപ്പിസോഡിൻ്റെ പ്രമോ വീഡിയോ വൈറൽ. ഡിസ്കവറി ചാനൽ ഇന്ത്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒരു മിനിട്ടോളം ദൈർഘ്യമുള്ള പ്രമോ വീഡിയോ പുറത്തുവിട്ടത്. ഈ മാസം 23 രാത്രി 8 മണിക്കാണ് എപ്പിസോഡിൻ്റെ സംപ്രേഷണം.
ബന്ദിപ്പൂര്‍ ഫോറസ്റ്റിലാണ് രജനികാന്തും ബെയർ ഗ്രിൽസുമായുള്ള എപ്പിസോഡ്. വെള്ളിത്തിരയുടെ പുറത്തും സ്റ്റൈലിഷായ രജനികാന്തിനെയാണ് പ്രമോയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. സ്റ്റൈലിഷായി കണ്ണട വെക്കുന്ന തൻ്റെ മാസ്റ്റർപീസ് ആക്ഷനും രജനി പ്രമോയിൽ കാണിക്കുന്നുണ്ട്.
മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമ, ഹോളിവുഡ് നടിമാരായ ജൂലിയ റോബര്‍ട്ട്‌സ്, കെയ്റ്റ് വിന്‍സ്ലെറ്റ്, ടെന്നിസ് താരം റോജര്‍ ഫെഡറര്‍, തുടങ്ങിയ പ്രമുഖരും നേരത്തെ ബെയർ ഗ്രിൽസുമായുള്ള പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഡിസ്കവറിയുടെ വിവിധ ചാനലുകള്‍ വഴി 180ഓളം രാജ്യങ്ങളിലാണ് പരിപാടി സംപ്രേഷണം ചെയ്യപ്പെടുക. ഇന്ത്യയില്‍ ഡിസ്‌കവറിയുടെ അഞ്ച് പ്രാദേശിക ചാനലുകളിൽ പരിപാടി കാണാം.
നേരത്തെ ഗ്രിൽസിൻ്റെ മാൻ വേഴ്സസ് വൈൽഡ് എന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 12ന് ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിൽ വെച്ച് ചിത്രീകരിച്ച എപ്പിസോഡിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നത്. ഹിമാലയത്തിൽ ജീവിച്ച കഥയും കാട്ടിലൂടെ യാത്ര ചെയ്ത കഥയും മറ്റും അന്ന് മോദി പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാന്‍ വെഴ്‌സസ് വൈല്‍ഡ് എപ്പിസോഡ് ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിങാണ് നേടിയത്. എന്നാൽ പരിപാടിക്കെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. പുൽവാമ ഭീകരാക്രമണം നടന്ന ദിവസത്തിലാണ് പരിപാടിയുടെ ഷൂട്ട് നടന്നതെന്ന ഗുരുതരമായ ആരോപണവും പരിപാടിക്കെതിരെ ഉയർന്നിരുന്നു.
Story Highlights: Second teaser of Rajinikanth’s ‘Into the Wild with Bear Grylls’ out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here