കൊവിഡ് 19: സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി

സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഇരുപത്തിയൊന്ന് ആയി. ജിദ്ദയിലാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ നിന്ന് ജിദ്ദ വഴി കെയ്‌റോയിലേക്ക് യാത്ര ചെയ്യുന്ന ഒരു ഈജിപ്ഷ്യന്‍ പൗരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജിദ്ദ വിമാനത്താവളത്തില്‍ സ്‌ക്രീനിംഗിലൂടെ രോഗം കണ്ടെത്തിയ ഇദ്ദേഹത്തെ വിമാനത്താവളത്തിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതിന് ശേഷം ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റി.
രോഗം സ്ഥിരീകരിക്കപ്പെട്ടവരെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളില്‍ ആണെന്നും ഇവരുമായി ഇടപഴകിയവരെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. എണ്ണൂറോളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇത് ആയിരം കടക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
3500 ഓളം പേരുടെ സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. അതേസമയം, അറുനൂറോളം പേര്‍ക്ക് കൊറോണ ബാധിച്ചതായുള്ള പ്രചാരണങ്ങള്‍ അബ്ദാലി നിഷേധിച്ചു. ജിദ്ദയില്‍ ഒരു ചൈനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മക്ക പ്രവിശ്യാ പൊലീസ് അറിയിച്ചു.
Story Highlights: coronavirus, Covid 19