കൊവിഡ് 19: യാത്ര മാറ്റി വെക്കുന്നവർക്കും ഒഴിവാക്കുന്നവർക്കും പ്രത്യേക ഓഫറുകളുമായി വിമാനക്കമ്പനികൾ

ലോക വ്യാപകമായി കൊവിഡ് 19 വൈറസ് ബാധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ഓഫറുകളുമായി വിമാനക്കമ്പനികൾ. യാത്ര മാറ്റി വെക്കുന്നവർക്കും ക്യാൻസൽ ചെയ്യുന്നവർക്കുമാണ് വിവിധ വിമാനക്കമ്പനികൾ പ്രത്യേക ഓഫറുകൾ നൽകിയിരിക്കുന്നത്. യാത്ര ഒഴിവാക്കിയാലോ മാറ്റി വെച്ചാലോ ഫീസ് ഈടാക്കില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. റീബുക്കിംഗിനും ക്യാൻസലേഷനും ഫീസ് ഇല്ലെന്നും വിമാനക്കമ്പനികൾ അറിയിച്ചു.
യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എത്തിഹാദ്, എയർ അറേബ്യ എന്നിവകളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് എടുക്കേണ്ട തീയതികൾ വിവിധ വിമാനക്കമ്പനികളിലും വിവിധ തരത്തിലാണ്. മെയ് 31നു മുൻപ് യാത്ര ചെയ്യാനിരുന്നവർക്കാണ് പല വിമാനക്കമ്പനികളും ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 11 മാസത്തിനുള്ളിൽ യാത്രക്കാർക്ക് അടുത്ത തീയതി തെരഞ്ഞെടുക്കാമെന്നാണ് ഓഫർ.
ലുഫ്താൻസ, സ്വിസ്, ഓസ്ട്രേലിയൻ, ബ്രസൽസ്, അമേരിക്കൻ, ജെറ്റ് ബ്ലൂ, ഡെൽറ്റ, ആലാസ്ക, ഹവായിയൻ, യുണൈറ്റഡ് എയർലൈനുകളും എയർ ഫ്രാൻസും വിവിധ തരത്തിലുള്ള ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇൻഡിഗോ എയർലൈൻസും ഫീസ് ഈടാക്കാതെ റീ ബുക്കിങ്ങിന് അവസരമൊരുക്കിയിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കിയാൽ ഈ ആനുകൂല്യം ലഭിക്കില്ല. മേയ് 31 വരെയാണ് ഈ ആനുകൂല്യം.
Story Highlights: flight companies unveil waiver policy change travel dates without charge reissuance fees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here