Advertisement

ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് കൊവിഡ് 19 എന്ന് വ്യാജ പ്രചാരണം; നടപടി എടുക്കണമെന്ന് ആവശ്യം

March 11, 2020
Google News 2 minutes Read

ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തിയ കണ്ണൂർ സ്വദേശിയെ കുറിച്ച് വ്യാജ പ്രചാരണങ്ങളെന്ന് പരാതി. തനിക്ക് കൊവിഡ് 19 രോഗബാധയുണ്ടെന്നും ആരാഗ്യ വകുപ്പുമായി സഹകരിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാണ് കണ്ണൂർ കണിച്ചാർ സ്വദേശി ജോൺസണിൻ്റെ ആവശ്യം.

ഈ മാസം ഏഴിനാണ് കണ്ണൂർ കണിച്ചാർ സ്വദേശി ജോൺസൺ ഇറ്റലിയിൽ നിന്ന് ദോഹ വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ വെച്ച് ആരോഗ്യ വകുപ്പ് അധികൃതർക്ക് മുഴുവൻ വിവരങ്ങളും കൈമാറി. പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലെന്ന് കണ്ടെത്തിയതിനാൽ ജോൺസണെ വീട്ടിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിൻ്റെ നിർദേശപ്രകാരം കണിച്ചാറിലെ സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇദ്ദേഹം. എന്നാൽ ജോൺസണ് രോഗബാധയുണ്ടെന്നാണ് ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ജോൺസൺ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് മുങ്ങിയെന്നും വ്യാജ പ്രചാരണമുണ്ട്. ഓഡിയോ സന്ദേശങ്ങളാണ് പലതും. തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജോൺസൺ പറയുന്നു.

ജോൺസൺ വീട്ടിൽ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു. കണ്ണൂർ ജില്ലയിൽ മാത്രം നൂറ്റി ഇരുപതിലേറെ പേർ ഇത്തരത്തിൽ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. രോഗബാധ സംശയിക്കുന്ന ഒൻപത് പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിലാണുള്ളത്.

അതേ സമയം, സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി അറിയിച്ചു.

Story Highlights: Kannur native arrived from Italy facing allegations about covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here