കൊറോണ; നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ പൗരന്മാരെ തടയരുതെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം പാസാക്കും

ഇന്ത്യൻ പൗരന്മാർ നാട്ടിലേയ്ക്ക് വരുന്നത് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട് തെറ്റാണ്. നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത് ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ കെ വി അബ്ദുൾ ഖാദറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വിദേശത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കാത്തതിന് കാരണം കേന്ദ്രസർക്കാരിന്റെ സർക്കുലറാണ്. ഇത് ഉടൻ പിൻവലിക്കണം. രോഗിയായത് കൊണ്ട് കയ്യൊഴിയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വിലക്ക് നീക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് ഉടൻ കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രാ വിലക്കുകൾ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here