എംബാപ്പേക്ക് കൊവിഡ് 19 പരിശോധന; ഫലം നെഗറ്റീവ്

പിഎസ്ജിയുടെ ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പേക്ക് നടത്തിയ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പനിയും ചുമയുമായി ബുദ്ധിമുട്ടിയ എംബാപ്പേക്ക് ഇന്നലെയാണ് കൊവിഡ് 19 പരിശോധന നടത്തിയത്. തിങ്കളാഴ്ച മുതൽ എംബാപ്പേ പരിശീലനത്തിനും എത്തിയിരുന്നില്ല.

അതേ സമയം, നാളെ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എംബാപ്പേക്ക് കളിക്കാൻ സാധിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക. ജർമനിയിൽ നടന്ന ആദ്യ പാദത്തിൽ പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.

നേരത്തെ, കൊവിഡ് 19 ബാധയെ തുടർന്ന് ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഒരു മാസത്തേക്ക് നിർത്തി വെക്കാൻ ഇറ്റാലിയൻ ഭരണകൂടം തീരുമാനിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ മൂന്നിനകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ലീഗ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

ഏഷ്യൻ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റി വെക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ യോഗ്യതാ മത്സരങ്ങളാണ് മാറ്റിവച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അതാത് ഫുട്ബോൾ ഫെഡറേഷനുകൾക്ക് ലഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം, സ്പെയിനിലെ ലാ ലിഗ മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയത്തിൽ നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Story Highlights: mbappe tests negative coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top