പഴയ സഹീർ ആരാധിക വീണ്ടും ഗ്യാലറിയിൽ; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

കഴിഞ്ഞ ദിവസം നടന്ന റോഡ് സേഫ്റ്റി വേൾഡ് ടി-20 സീരീസിൽ ഇന്ത്യ ലെജൻഡ്സ് ശ്രീലങ്ക ലെജൻഡ്സിനെ പരാജയപ്പെടുത്തിയിരുന്നു. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം വീക്ഷിക്കാൻ സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയിരുന്നു. കാണികൾക്കിടയിൽ നിന്ന് ഒരു സ്പെഷ്യൽ കാണിയെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. വർഷങ്ങൾക്ക് മുൻപ്, സമൂഹ മാധ്യമങ്ങൾ ഇത്ര ജനകീയമാകുന്നതിന് മുൻപ് ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഒരു ആരാധികയാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്.
2007ൽ ബെംഗളൂരുവിൽ പാകിസ്താനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഈ ആരാധിക ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഗാലറിയിൽ ‘സഹീർ, ഐ ലവ് യൂ’ എന്നെഴുതിയ പ്ലക്കാർഡുമായി ഇരുന്ന യുവതിയെ ക്യാമറ ഒപ്പിയെടുത്തു. സ്റ്റേഡിയത്തിലെ ജയൻ്റ് സ്ക്രീനിൽ സഹീറും യുവരാജും അടങ്ങുന്ന ഇന്ത്യൻ ഡ്രസിംഗ് റൂമും ആ കാഴ്ച കണ്ടു. ക്യാമറ ഇരുവരെയും മാറിമാറി കാണിച്ചതോടെ യുവതി സഹീറിന് ഒരു ഫ്ലയിംഗ് കിസും നൽകി. അടുത്തിരുന്ന യുവരാജിൻ്റെ നിർബന്ധത്തിനു വഴങ്ങി സഹീറും കൊടുത്തു, ഒന്ന്. ക്രീസിൽ ബാറ്റ് ചെയ്യുകയായിരുന്ന സെവാഗും ദ്രാവിഡും പാക് കളിക്കാരും ഈ കാഴ്ച ആസ്വദിച്ചു.
വർഷം 13 കഴിഞ്ഞു. സഹീറും യുവരാജും സെവാഗും വിരമിച്ചു. റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ വിരമിച്ച കളിക്കാരെ ഉൾപ്പെടുത്തി റോഡ് സേഫ്റ്റി ടി-20 ലോക സീരീസ് സംഘടിപ്പിച്ചു. സഹീറും യുവരാജും സെവാഗും ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടു. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ച അവർ രണ്ടാം മത്സരത്തിൽ ശ്രീലങ്കൻ ലെജൻഡ്സിനെ നേരിടുകയാണ്. ഇന്ത്യയുടെ ഫീൽഡിംഗ്. സഹീർ പന്തെറിയുന്നു. അപ്പോഴതാ ഗാലറിയിൽ വീടും അതേ യുവതി. 13 വർഷങ്ങൾക്കു മുൻപ് സഹീറിനോട് പ്രണയം പറഞ്ഞ അതേ ആരാധിക. ഇത്തവണ പ്ലക്കാർഡ് ഒന്ന് മാറി. ‘ഡ്രൈവർമാരും ക്രിക്കറ്റർമാരും ഹെൽമറ്റ് ഉപയോഗിക്കുക’ എന്നതാണ് പുതിയ പ്ലക്കാർഡ്. പഴയ ആരാധികയാണോ ഇതെന്ന കൃത്യമായ ഉറപ്പ് ഇക്കാര്യത്തിൽ ലഭിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ അത് ഉറപ്പിക്കുകയാണ്.
Remember her???
Years passed not the love towards him❤️ #RoadSafetyWorldSeries pic.twitter.com/1RWQqKSV1q
— Sooraj Ayyappan (@Sooraj_Ayyappan) March 10, 2020
മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് 5 വിക്കറ്റിനാണ് വിജയിച്ചത്. ശ്രീലങ്ക ലെജൻഡ്സ് മുന്നോട്ടു വെച്ച 139 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ലെജൻഡ്സ് 14.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഇർഫാൻ പത്താൻ നൽകിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യ ലെജൻഡ്സിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 31 പന്തുകളിൽ നിന്ന് 6 ബൗണ്ടറികളും മൂന്ന് സിക്സറും സഹിതം 57 റൺസെടുത്ത പത്താൻ പുറത്താവാതെ നിന്നു. മുഹമ്മദ് കൈഫ് 46 റൺസെടുത്തു.
Story Highlights: old fan spotted in legends match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here