അമ്പയർ ഔട്ട് വിളിച്ചില്ല; സ്വയം മടങ്ങി സച്ചിൻ: മാറ്റമില്ലാത്ത ചിലത്

മഹാനായ ഒരു ക്രിക്കറ്ററാണ് സച്ചിൻ തെണ്ടുൽക്കർ. വിരമിച്ചിട്ട് 7 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സച്ചിൻ ആരാധകർക്ക് പ്രിയപ്പെട്ടവൻ തന്നെ. എൺനമറ്റ ബാറ്റിംഗ് റെക്കോർഡുകൾക്കൊപ്പം കളിക്കളത്തിലെ ഫെയർപ്ലേ കൊണ്ട് കൂടിയാണ് സച്ചിന് ഇത്രയും ആരാധകരുള്ളത്. പലതവണ അമ്പയർമാരുടെ തെറ്റായ തീരുമാനത്തിൽ പുറത്തായിട്ടുള്ള സച്ചിൻ പക്ഷേ, താൻ ഔട്ടാണെന്ന ബോധ്യമുണ്ടെങ്കിൽ ക്രീസ് വിടാനുള്ള ആർജവം കാണിച്ചിരുന്നു. അമ്പയർമാർക്ക് സ്പോട്ട് ചെയ്യാൻ കഴിയാത്ത ഒരുപാട് അവസരങ്ങളിൽ സച്ചിൻ സ്വയം ക്രീസ് വിട്ടിട്ടുണ്ട്. ഇന്നലെയുമുണ്ടായി അങ്ങനെയൊരു സംഭവം.
റോഡ് സേഫ്റ്റി സീരീസിൽ ഇന്നലെ ശ്രീലങ്ക ലെജൻഡ്സിനെതിരെ നടന്ന മത്സരത്തിനിടെയാണ് ചിലതൊന്നും ഒരിക്കലും മാറില്ലെന്ന് സച്ചിൻ കാണിച്ചു തന്നത്. ഇന്ത്യൻ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്ത്. ശ്രീലങ്കൻ ഇതിഹാസം ചാമിന്ദ വാസാണ് പന്തെറിയുന്നത്. ഫൈൻ ലെഗ് സർക്കിളിനുള്ളിലാണെന്ന് മനസ്സിലാക്കിയ സച്ചിൻ ഒരു സ്കൂപ്പ് ഷോട്ടിനു ശ്രമിച്ചു. പന്തിൻ്റെ ബൗൺസ് കൃത്യമായി ജഡ്ജ് ചെയ്യാൻ സാധിക്കാതെ പോയ സച്ചിന് പിഴച്ചു. പന്ത് ബാറ്റിൽ ഉരുമ്മി ഹെൽമറ്റ് ഗ്രില്ലിൽ ഇടിച്ച പന്ത് വിക്കറ്റ് കീപ്പർ റൊമേഷ് കലുവിതരണ കൈപ്പിടിയിലൊതുക്കി. ശ്രീലങ്കൻ കളിക്കാരുടെ അപ്പീലിനോട് അമ്പയർ മുഖം തിരിച്ചു. പക്ഷേ, സച്ചിൻ അമ്പയറുടെ തീരുമാനത്തിന് കാത്തുനിന്നില്ല. പന്ത് താൻ എഡ്ജ് ചെയ്തു എന്ന് മനസ്സിലാക്കിയ അദ്ദേഹം ഡ്രസിംഗ് റൂമിലേക്ക് നടന്നു.
Didn’t even wait for the umpire’s signal and started walking with a smile!
GOD for a reason @sachin_rt ??#RoadSafteyWorldSeries pic.twitter.com/TT0HC9ZWVv
— Sachin Tendulkar Fan Club (@OmgSachin) March 10, 2020
മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് 5 വിക്കറ്റിനാണ് വിജയിച്ചത്. ശ്രീലങ്ക ലെജൻഡ്സ് മുന്നോട്ടു വെച്ച 139 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ലെജൻഡ്സ് 14.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഇർഫാൻ പത്താൻ നൽകിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യ ലെജൻഡ്സിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 31 പന്തുകളിൽ നിന്ന് 6 ബൗണ്ടറികളും മൂന്ന് സിക്സറും സഹിതം 57 റൺസെടുത്ത പത്താൻ പുറത്താവാതെ നിന്നു. മുഹമ്മദ് കൈഫ് 46 റൺസെടുത്തു.
Story Highlights: sachin tendulkar road safety world series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here