കൊവിഡ് 19 വ്യാജപ്രചാരണം; കർണാടകയിൽ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി: വീഡിയോ

ചിക്കൻ കഴിച്ചാൽ കൊവിഡ് 19 വൈറസ് ബാധ ഏൽക്കുമെന്ന വ്യാജ പ്രചാരണത്തെ തുടർന്ന് കർണാടകയിൽ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചു മൂടി. കർണാടകയിലെ രണ്ടിടങ്ങളിലായാണ് സംഭവം. ഒരു സ്ഥലത്ത് 6000 കോഴികളെയും മറ്റൊരു സ്ഥലത്ത് 9500 കോഴികളെയുമാണ് ജീവനോടെ കുഴിച്ചുമൂടിയത്.

ബെൽഗാവി ജില്ലയിലുള്ള നസീർ അഹ്മദ് എന്നയാൾ തൻ്റെ കോഴി ഫാമിലെ 6000 ഓളം കോഴികളെയാണ് ജീവനോടെ കുഴിച്ചുമൂടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. തൻ്റെ ട്രക്കിലേക്ക് കോഴികളെ കയറ്റിയ നസീർ ഒരു വലിയ കുഴിയിലേക്ക് ഇവയെ നിക്ഷേപിച്ച് മണ്ണിട്ടുമൂടുകയായിരുന്നു. കോഴി ഇറച്ചി കഴിച്ചാൽ കൊവിഡ് 19 ബാധിക്കും എന്ന പ്രചാരണത്തെ തുടർന്ന് തൻ്റെ കച്ചവടം വഴിമുട്ടിയെന്ന് നസീർ പറഞ്ഞു. കിലോയ്ക്ക് 50-70 രൂപ വരെ നിരക്കിൽ വില്പന നടത്തിയിരുന്ന കോഴിയുടെ വില വ്യാജ പ്രചാരണത്തിനു ശേഷം 5-10 രൂപയിലേക്ക് താഴ്ന്നു എന്നും നജീർ അറിയിച്ചു. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

കോളാർ ജില്ലയിലെ ബംഗാർപേട്ട് താലൂക്കിലാണ് അടുത്ത സംഭവം. രാമചന്ദ്രൻ റെഡ്ഡി എന്നയാളുടെ ഫാമിലെ 9500 കോഴികളെയാണ് ജീവനോടെ കുഴിച്ചുമൂടിയത്. ഇതും വ്യാജ പ്രചാരണങ്ങളെ തുടർന്ന് കച്ചവടം മോശമായ സാഹചര്യത്തിലായിരുന്നു.

കൊവിഡ് 19 ബാധ പ്രചരിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ വാട്സപ്പ് ഗ്രൂപ്പുകളിലൂടെയാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇന്ന് ബെംഗളൂരുവിൽ കൊറോണ ബാധിച്ച കോഴികളെ കണ്ടെത്തി. സന്ദേശം പ്രചരിപ്പിച്ച് ചിക്കൻ കഴിക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശത്തോടെയായിരുന്നു വ്യാജ പ്രചാരണം.

അതേ സമയം, ഇത് തെറ്റായ പ്രചാരണമാണെന്നും കോഴികളിലൂടെ കൊവിഡ് 19 പടരില്ലെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ച് അറിയിക്കുന്നുണ്ട്. രോഗബാധിതരായ ആളുകളുടെ ശ്രവങ്ങളിലൂടെ മാത്രമേ കൊവിഡ് 19 പടരുകയുള്ളൂ എന്നും വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും ആരോഗ്യവകുപ്പ് പറയുന്നു.

Story Highlights: Thousands of chicken buried alive in Karnataka over coronavirus fears

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top