ലാലിഗ മത്സരങ്ങൾ മാറ്റിവച്ചേക്കും; തീരുമാനം നാളെ

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സ്പെയിനിലെ ലാ ലിഗ മത്സരങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ട്. നേരത്തെ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താമെന്ന് തീരുമാനിച്ചിരുന്നു എങ്കിലും രാജ്യത്ത് സ്ഥിതിഗതികൾ വഷളാവുന്നതോടെ ലീഗ് മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

സെക്കൻഡ് ഡിവിഷന് താഴെയുള്ള എല്ലാ മത്സരങ്ങളും ഉപേക്ഷിക്കാൻ നേരത്തെ എന്ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരുന്നു. ഏപ്രിൽ 18ന് നടക്കേണ്ട കോപ്പ് ഡെൽ റേ ഫൈനൽ മത്സരവും മാറ്റിവച്ചിരുന്നു. ഇതേതുടർന്നാണ് ലാലിഗ മാറ്റിവെക്കാനുള്ള ആലോചനകളും നടക്കുന്നത്. ലാലിഗയും സെക്കൻഡ് ഡിവിഷനായ ലാ സെഗുണ്ടയും നിർത്തി വെക്കണം എന്നാവശ്യപ്പെട്ട് സ്പാനിഷ് പ്ലയേഴ്സ് അസോസിയേഷൻ ലാ ലിഗ അധികൃതർക്ക് കത്തയച്ചിരുന്നു. എഫ്സി ബാഴ്സലോണ-നാപ്പോളി ചാമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പിലാണ് മത്സരം.

ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സ്പെയിനിലെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നിരുന്നു.

കൊറോണ ബാധയെ തുടർന്ന് ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഒരു മാസത്തേക്ക് നിർത്തി വെക്കാൻ ഇറ്റാലിയൻ ഭരണകൂടം തീരുമാനിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ മൂന്നിനകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ലീഗ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

നേരത്തെ, ഏഷ്യൻ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റി വെക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ യോഗ്യതാ മത്സരങ്ങളാണ് മാറ്റിവച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അതാത് ഫുട്ബോൾ ഫെഡറേഷനുകൾക്ക് ലഭിച്ചിട്ടുണ്ട്.

Story Highlights: Covid 19 Talks ongoing over La Liga suspension

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top