കൊവിഡ് 19: വീണ്ടും ആശ്വാസവാര്‍ത്ത; പത്തനംതിട്ടയില്‍ രണ്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

ആശങ്കകള്‍ക്കിടയിലും പത്തനംതിട്ടയില്‍ നിന്ന് വീണ്ടും ആശ്വാസവാര്‍ത്ത. ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന രണ്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. 12 പരിശോധനാ ഫലങ്ങള്‍ കൂടി ഇനി ലഭിക്കാനുണ്ട്. അതിനിടെ, ഇറ്റലിയില്‍ നിന്നെത്തിയ രോഗബാധിതരായ ദമ്പതികള്‍ സന്ദര്‍ശിച്ച റാന്നിയിലെ തോട്ടമണ്‍ എസ്ബിഐ ശാഖ താത്കാലികമായി അടച്ചു.
പത്തനംതിട്ടയില്‍ നിന്ന് ഇന്നലെയും ഇന്നുമായി ലഭിച്ച 12 പരിശോധനാ ഫലങ്ങളില്‍ 12 ഉം നെഗറ്റീവ് ആണ്. നിരീക്ഷണത്തില്‍ക്കഴിയുന്ന 12 പേരുടെ പരിശോധനാഫലം കൂടി ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതില്‍ ഹൈറിസ്‌ക് കോണ്ടാക്ടില്‍ ഉള്ളവരും ഉള്‍പ്പെടുന്നു. ജില്ലയില്‍ നിരീക്ഷണത്തില്‍ക്കഴിയുന്ന 969 പേരില്‍ നൂറിലധികം ഹൈ റിസ്‌ക് കോണ്ടാക്ട് ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യല്ലെന്നും ജാഗ്രത തുടരണമെന്നും കളക്ടര്‍ വ്യക്തമാക്കി.
നാളെ ശബരിമല നട തുറക്കാന്‍ ഇരിക്കെ തീര്‍ത്ഥാടകര്‍ സ്വയം പിന്മാറണമെന്നും വെള്ളിയാഴ്ചയിലെ ജുമാ പ്രാര്‍ത്ഥന വീടുകളില്‍ ആക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനിടെ, രോഗ ബാധിതരായ ദമ്പതികള്‍ ഒന്നിലേറെ തവണ സന്ദര്‍ശിച്ച റാന്നിയിലെ എസ്ബിഐ തോട്ടമണ്‍ ശാഖ ഇന്ന് അടച്ചു. ഇവിടുത്തെ ജീവനക്കാരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
27 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍കഴിയുന്നത്. 969 പേര്‍ വീടുകളിലും ഐസൊലേഷനിണ്ട്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here