വിദേശത്ത് നിന്നെത്തുന്ന പ്രവാസി ഇന്ത്യക്കാരെ വിലക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ പിന്‍വലിക്കണം: നിയമസഭ പ്രമേയം പാസാക്കി

വിദേശത്ത് നിന്നും എത്തുന്ന പ്രവാസി ഇന്ത്യക്കാരെ വിലക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വിഷമിക്കുന്ന ഇന്ത്യക്കാര്‍ക്കായി ആവശ്യമായ നടപടിയെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇതിനിടെ, സംസ്ഥാനത്തെ ഭീതിജനകമായ അന്തരീക്ഷം ഒഴിവാക്കാന്‍ ശനിയാഴ്ച എല്ലാ ജില്ലകളിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് 19നുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. കൊറോണ ബാധിതരതല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സര്‍ക്കുലര്‍ മനുഷ്യത്വ വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. കൊറോണ ബാധയുടെ ആദ്യഘട്ടത്തില്‍ ചൈനയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നപ്പോള്‍ പരീക്ഷിച്ച് വിജയിച്ച നടപടിക്രമങ്ങള്‍ നിലവിലുണ്ട്. ഇതേ രീതിയില്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കണം. വലിയ ബുദ്ധിമുട്ടുകളാണ് ഇവര്‍ അനുഭവിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്തവരെ നാട്ടിലെത്തിച്ചശേഷം വൈദ്യപരിശോധനാ പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളനുസരിച്ച് തുടര്‍ നടപടികളെടുക്കാം. ഇതോടൊപ്പം ജോലിക്കായി മറ്റു രാജ്യങ്ങളില്‍ പോകാന്‍ കഴിയാത്ത ഇന്ത്യക്കാരുടെ വീസാ കാലാവധി, ജോലിയില്‍ പ്രവേശിക്കാനുള്ള തീയതി എന്നിവ നീട്ടി കിട്ടുന്നതിനു നയതന്ത്ര തലത്തില്‍ ഇടപെടല്‍ നടത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭീതിജനകമായ അന്തരീക്ഷം ഒഴിവാക്കാന്‍ ശനിയാഴ്ച ഓരോ ജില്ലയിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന അവലോകന യോഗങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ നാളെ ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.

Story Highlights: Covid 19 legislative assembly proposal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top