‘പ്രതിപക്ഷത്തെ കുറിച്ചോർക്കുമ്പോൾ ലജ്ജ തോന്നുന്നു’; ചെന്നിത്തലയുടെ പരാമർശത്തെ വിമർശിച്ച് ഷാൻ റഹ്മാൻ

കൊവിഡ്- 19 കേസുകളുടെ എണ്ണം കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുമ്പോൾ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിനെതിരെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ രൂക്ഷമായാണ് ഷാൻ സമൂഹമാധ്യമത്തിൽ ഇട്ട കുറിപ്പിലൂടെ വിമർശിച്ചിരിക്കുന്നത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയത്ത് നിലവാരമില്ലാത്ത നാടകം കളിയാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ഷാൻ ആക്ഷേപിക്കുന്നു. നിപാ കാലത്ത് നിങ്ങൾ ഒളിച്ചിരിക്കുകയായിരുന്നില്ലേ എന്നും ഷാൻ.
ഫേസ്ബുക്ക് കുറിപ്പിന്റെ പരിഭാഷ താഴെ,
ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ അഥവാ കൊവിഡ്- 19നെ ലോകമെമ്പാടും വ്യാപിക്കുന്ന തരത്തിലുള്ള രോഗമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങളെക്കുറിച്ച് അധികാരികളിൽ നിന്ന് ചെറുതും വലുതുമായ വിവരങ്ങൾ അറിയാനുള്ള അവകാശം ജനങ്ങളായ ഞങ്ങൾക്കുണ്ട്. ആരോഗ്യ മന്ത്രിക്ക് ‘മീഡിയ മാനിയ’ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞു. പബ്ലിസിറ്റി നേടാൻ വേണ്ടി മന്ത്രി തുടരെ പ്രസ് കോൺഫറൻസ് വിളിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.
Read Also: കൊവിഡ് 19 : സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് ബിജെപിയുടെ പൊതുപരിപാടി
പ്രിയപ്പെട്ട സർ, നിപാ വൈറസ് കാലത്ത് നിങ്ങൾ ഓരോരുത്തരും പല സ്ഥലത്തും പോയി ഒളിച്ചപ്പോൾ ആരോഗ്യ മന്ത്രിയും സംഘവും വൈറസിനെ നേരിടുകയാണുണ്ടായത്. അത്തരം വലിയ പ്രതിസന്ധികളിൽ പോലും നമ്മൾ ജയിച്ചു. കാരണം കേരളത്തിനുള്ളത് വളരെ കഴിവും പ്രാപ്തിയുമുള്ള ആരോഗ്യ മന്ത്രിയാണ് . തന്റെ ആളുകളെ സേവിക്കാനും പരിചരിക്കാനുമായി രാവും പകലും വ്യത്യാസമില്ലാതെ അവർ അധ്വാനിക്കുകയാണ്. ജനങ്ങളുടെ സൗഖ്യത്തിന് വേണ്ടി എന്തും ചെയ്യാൻ അവര്‍ തയ്യാറാകുന്നു. ലോകം മുഴുവൻ നമ്മുടെ നാടിനെ ഉറ്റുനോക്കുകയാണ്. ലോകം നമ്മളില്‍ നിന്ന് പഠിക്കുകയാണ്. നിങ്ങൾക്കിതൊന്നും സഹിക്കില്ല എന്ന് എനിക്കറിയാം. കാരണം ഇവയൊക്കെ കാണുമ്പോൾ നിങ്ങളിലേക്കുള്ള പൊതുജനശ്രദ്ധ നഷ്ടപ്പെടുകയാണ്. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിക്കാത്ത ഒരാളിലേക്കാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. ശൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തെക്കുറിച്ചോർക്കുമ്പോൾ ലജ്ജയാണ് തോന്നുന്നത്. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയത്ത് ശൈലജ മാഡം നടത്തുന്ന ആത്മസമർപ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങൾ നടത്തുന്നത്. കഷ്ടം തോന്നുന്നു. ശൈലജ മാഡം പറഞ്ഞത് പോലെ ‘ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്’.
shaan rahman, k k shailaja, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here