സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ദുബായിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിക്കും ഖത്തറിൽ നിന്ന് വന്ന തൃശൂർ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരാൾക്ക് കൊറോണ സംശയിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ സംശയത്തിൽ 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് പേരുടെ രോഗം ഭേദമായി. 950 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുണ്ടായിരുന്ന 35 പേർക്ക് രോഗബാധയില്ല. 900 പേർ പുതിയതായി നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സാമ്പിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനം പ്രത്യേക സ്ഥിതിയാണ് നേരിടുന്നത്. ജാഗ്രത പാലിച്ചില്ലെങ്കിൽ പിടിവിട്ടുപോകാൻ സാധ്യതയുണ്ട്. വീടും പരിസരവും വ്യക്തി ശുചിത്വവും നിർബന്ധമായും പാലിക്കണം. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണം. എല്ലാ സർക്കാർ സംവിധാനങ്ങളും യോജിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നുണ്ട്. വൈറസ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞു. ആവശ്യമില്ലാതെ നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുത്. കൊറോണ തടയാൻ ആവശ്യമായ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here