‘ആസിയ ആത്മഹത്യ ചെയ്ത കേസ് ഒതുക്കിത്തീര്‍ത്തു; പരാതി വലിച്ചെറിഞ്ഞു’; ആലപ്പുഴ DYSP മധുബാബുവിനെതിരെ വീണ്ടും പരാതി

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ വീണ്ടും പരാതി. മകള്‍ ആസിയ ആത്മഹത്യ ചെയ്ത കേസ് ഒതുക്കി തീര്‍ത്തെന്ന് അമ്മ സലീന ആരോപിച്ചു. പരാതി ഡിവൈഎസ്പി മധുബാബു വലിച്ചെറിഞ്ഞെന്ന് സലീന ട്വന്റിഫോറിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് നാലാം മാസം ആസിയ ആലപ്പുഴയിലെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
മകള്‍ മരിച്ചിട്ട് ഒരു നീതിയും ആലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നിന്ന് എനിക്ക് ലഭിച്ചില്ല. ഞാനും എന്റെ കുടുംബക്കാരും കേറിയിറങ്ങി നടന്നു. സ്വാഭാവിക മരണമെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളി. ഒന്ന് അന്വേഷിച്ചത് പോലുമില്ല. മകളുടെ ഭര്‍ത്താവിനെ ചോദ്യം പോലും ചെയ്തില്ല. പരാതിയും കൊണ്ട് ചെന്നപ്പോള്‍ അത് വലിച്ചെറിഞ്ഞു. കള്ള പെറ്റീഷനാണ്. അതൊന്നും ഇവിടെ നടക്കില്ല. ഇറങ്ങി പോ എന്ന് പറഞ്ഞു. വേണമെങ്കില്‍ കോടതിയില്‍ പോയി തെളിയിക്കാനും പറഞ്ഞു – സലീന പറയുന്നു.
2024 ഓഗസ്റ്റ് 25ാം തിയതിയാണ് ആസിയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് 4 മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. ആദ്യ ഘട്ടത്തില്‍ പരാതി ഉണ്ടായിരുന്നില്ലെങ്കില്‍ പോലും പിന്നീട്, മകളുടെ മരണ കാരണം അറിയണം എന്ന് ആവശ്യപ്പെട്ടാണ് പൊലീസിനെ സമീപിക്കുന്നത്. എസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തുവെങ്കിലും രണ്ട് മാസത്തിനുള്ളില്‍ തന്നെ കേസ് അന്വേഷിക്കുകയും അസ്വാഭാവികമായി ഒന്നുമില്ലെന്ന് കണ്ട് കേസ് ക്ലോസ് ചെയ്യുകയുമായിരുന്നു.
ആസിയയുടെ ഭര്‍ത്താവിന് മരണത്തില്‍ പങ്കുണ്ടോ എന്നതും ആത്മഹത്യാ പ്രേരണ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് അന്വേഷിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. 22 പവന്‍ സ്വര്‍ണവും ഒരു കാറും മൂന്ന് ലക്ഷം രൂപയും കൊടുത്താണ് വിവാഹം നടത്തിയത്. ഇത് തിരിച്ച് ലഭിക്കണമെന്ന ആവശ്യം കൂടി കുടുംബത്തിന് ഉണ്ടായിരുന്നു. ഇതില്‍ മൂന്ന് പവന്‍ മാത്രമാണ് തിരിച്ച് ലഭിച്ചത്.
ഇവര്‍ നിലവില്‍ മലപ്പുറത്താണ് താമസിക്കുന്നത്. സ്വന്തമായി വീട് പോലുമില്ല. അതുകൊണ്ടുതന്നെ ആലപ്പുഴയില്‍ പോയി ആലപ്പുഴയില്‍ പോയി ഈ കേസിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. കോടതിയെ സമീപിക്കാനാണ് നിലവിലെ നീക്കം.
Story Highlights : Another complaint against Alappuzha DYSP Madhubabu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here