പൗരത്വ പ്രതിഷേധക്കാരുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ച നടപടി; സുപ്രിംകോടതി വിശാലബെഞ്ചിന് വിട്ടു

പൗരത്വ പ്രതിഷേധക്കാരുടെ ചിത്രങ്ങളും വിവരങ്ങളുമടങ്ങിയ പോസ്റ്ററുകൾ പൊതുയിടത്തിൽ പ്രദർശിപ്പിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി സുപ്രിംകോടതി വിശാലബെഞ്ചിലേക്ക്. ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്ക് ഒരു നിയമത്തിന്റെയും പിൻബലമില്ലെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. പോസ്റ്ററുകൾ നീക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവും സ്റ്റേ ചെയ്തില്ല.
പൗരത്വ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പൊതുയിടങ്ങളിൽ പ്രദർശിപ്പിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിനോട് ചോദിച്ചു. അക്രമികൾക്കെതിരെ കേസെടുക്കാം. എന്നാൽ, യുപി സർക്കാർ അതും കടന്നു പ്രവർത്തിച്ചു. പോസ്റ്ററിൽ ഉള്ളവർ തന്നെയാണ് കുറ്റം ചെയ്തതെന്ന് തീരുമാനിക്കാൻ സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് ജസ്റ്റിസ് യുയു ലളിത് ചോദിച്ചു.
സ്വകാര്യത അടക്കമുള്ള വിഷയങ്ങൾ ഉള്ളതിനാൽ വിശാലബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്നും വ്യക്തമാക്കി. പോസ്റ്ററുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഉത്തർപ്രദേശ് സർക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്. പോസ്റ്ററുകളിൽ ഉൾപ്പെട്ടവർക്ക് കേസിൽ കക്ഷിയാകാമെന്നും അടുത്തയാഴ്ച വിശാലബെഞ്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് യുയു ലളിത് പറഞ്ഞു.
പൊതുയിടങ്ങളിൽ അക്രമം നടത്തുന്നവർക്ക് സ്വകാര്യത അവകാശപ്പെടാനാകില്ലെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാട് വ്യക്തമാക്കി. അതീവഗുരുതര കുറ്റങ്ങൾ ഉൾപ്പെട്ട കേസുകളിൽ പോലും പ്രതികളുടെ ചിത്രങ്ങൾ പൊതുയിടത്തിൽ സർക്കാർ പ്രദർശിപ്പിക്കാറില്ലെന്നും എന്ന് മുതലാണ് ഇത്തരം പ്രവണതകൾ ഇന്ത്യയിൽ കണ്ടു തുടങ്ങിയതെന്ന് കോടതി മനസിലാക്കണമെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി പറഞ്ഞു. കേസിൽ പ്രതിയായ റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥന് വേണ്ടിയാണ് അഭിഷേക് സിംഗ്വി ഹാജരായത്.
Story highlight: UP government’s action, posters of citizen protesters, The Supreme Court left the bench
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here