പുതിയ സ്പോർടിംഗ് ഡയറക്ടറുടെ വരവ്; ബ്ലാസ്റ്റേഴ്സിൽ നിന്ന് ഷറ്റോരി പുറത്തേക്കെന്ന് റിപ്പോർട്ട്

പുതിയ സ്പോർടിംഗ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് എത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പരിശീലകൻ ഈൽകോ ഷറ്റോരി പുറത്തേക്കെന്ന് റിപ്പോർട്ട്. സ്കിൻകിസിൻ്റെ തന്ത്രങ്ങൾക്കനുസരിച്ചാണ് വരുന്ന സീസണിൽ ടീമിനെ രൂപപ്പെടുത്തുക എന്നും ആ തന്ത്രങ്ങളിൽ ഷറ്റോരി ഇല്ലെന്നുമാണ് സൂചന. ക്ലബ് ഇതുവരെ ഷറ്റോരിയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസമാണ് ലിത്വാനിയക്കാരനായ കരോളിസ് സ്കിൻകിസിനെ ബ്ലാസ്റ്റേഴ്സ് സ്പോർടിംഗ് ഡയറക്ടറായി നിയമിച്ചത്. ലിത്വാനിയൻ ലീഗിലെ നിലനിലെ ജേതാക്കളായ സുഡുവയുടെ ഡയറക്ടറായി ദീർഘകാല പരിചയമുള്ള സ്കിൻകിസ് എത്തുന്നതോടെ ടീമിനെ ഉടച്ചുവർക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫ് യോഗ്യത നേടാൻ സാധിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിൻ്റെ പ്രഥമ ലക്ഷ്യം അവസാന നാലിൽ ഇടം നേടുക എന്നത് തന്നെയാണ്. കഴിഞ്ഞ സീസണിലെ പ്രകടനത്തിൽ ആരാധക പിന്തുണ നേടാൻ ഷറ്റോരിക്ക് കഴിഞ്ഞിരുന്നു എങ്കിലും പോയിൻ്റ് പട്ടികയിൽ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ സ്കിൻകിസിൻ്റെ തന്ത്രങ്ങൾക്കനുസരിച്ചാവും ഇനി ടീം രൂപീകരിക്കുക. ഇതാണ് പുതിയ പരിശീലകൻ എത്താനുള്ള സാധ്യതയായി കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഷറ്റോരിയുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ ചർച്ച നടത്തിയിരുന്നെന്ന് സൂചനയുണ്ട്. യോഗത്തിൽ ഷറ്റോരിയുടെ ഭാവിയെ പറ്റി തീരുമാനം ഉണ്ടായില്ല. അതുകൊണ്ട് തന്നെ -ഷറ്റോരി മറ്റ് ക്ലബുകളുമായി ചർച്ച നടത്തിയെന്നും സൂചനകളുണ്ട്.
Story Highlights: Eelco Schattorie and Kerala Blasters likely to part ways
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here