Advertisement

തൃത്താല സ്നേഹ നിലയത്തിൽ രോഗി മർദ്ദനമേറ്റ് മരിച്ച സംഭവം: പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

March 13, 2020
Google News 2 minutes Read

തൃത്താല സ്നേഹ നിലയം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സ്നേഹനിലയം വാർഡൻ കുഞ്ഞിത്തങ്ങൾ എന്ന നബീലിനെതിരെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയത്. പോസ്റ്റുമോർട്ടത്തിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൃത്താല പൊലീസിന്റെ നടപടി.

കുഞ്ഞിത്തങ്ങൾ മർദ്ദിച്ചെന്ന് വിശദീകരിക്കുന്ന സിദ്ധിഖിന്റെ ശബ്ദരേഖ 24 പുറത്തുവിട്ടിരുന്നു. തുടക്കത്തിൽ സ്നേഹനിലയം വാർഡനെതിരെ മർദ്ദിച്ചു എന്ന കുറ്റം മാത്രം ചുമത്തിയിരുന്ന പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്താൻ തയ്യാറായത്. ഇയാൾ ഇപ്പോൾ ജ്യുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് നിലപാട്. ഇതിനായി കുഞ്ഞിത്തങ്ങളെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.

അതേ സമയം സ്‌നേഹനിലയത്തിലെ പരിശോധനയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് ഡിഎംഒ ക്ക് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്കും നൽകും.

സ്‌നേഹനിലയത്തിന്റെ ചെയർമാൻ ഫസൽ തങ്ങളിന്റെ സഹോദരൻ കുഞ്ഞി തങ്ങളാണ് മർദിച്ചതെന്നാണ് സിദ്ധിഖ് പറയുന്നത്. മർദനത്തെ തുടർന്ന് നടക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. മരവടി കൊണ്ട് അഞ്ച് പേർ തന്നെ ക്രൂരമായി മർദ്ദിച്ചു. വേദനകൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പറഞ്ഞു. എന്നാൽ സ്‌നേഹനിലയം അധികൃതർ അതിന് തയ്യാറായില്ല. ബന്ധുക്കൾ എത്തിയാണ് പട്ടാമ്പിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് അന്തേവാസികളേയും സ്‌നേഹനിലയത്തിൽ മർദിക്കുന്നുണ്ടെന്നും സിദ്ധീഖ് പറഞ്ഞിരുന്നു.

രണ്ട് വർഷമായി സ്നേഹ നിലയത്തിലെ അന്തേവാസിയായിരുന്നു സിദ്ധിഖ്. ക്രൂര മർദനത്തിനിരയായ സിദ്ധിഖിന്റെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഷെൽട്ടർ ഹോം അധികൃതർ സിദ്ധിഖിന് മരുന്ന് നൽകിയിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

story highlights: murder of patient in sneha nilayam Murder case against accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here