രഞ്ജിയിൽ ത്രില്ലർ ഫൈനൽ; സൗരാഷ്ട്രക്ക് നിർണായക ലീഡ്: അത്ഭുതങ്ങൾ നടന്നില്ലെങ്കിൽ കന്നിക്കിരീടം

ഫൈനലിലെ ത്രില്ലർ പോരിനൊടുവിൽ സൗരാഷ്ട്രക്ക് കന്നി രഞ്ജി കിരീട സാധ്യത. നിർണായകമായ 44 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെയാണ് വർഷങ്ങളായുള്ള സൗരാഷ്ട്രയുടെ കാത്തിരിപ്പ് അവസാനിക്കാൻ സാധ്യത ഏറിയത്. സൗരാഷ്ട്രയുടെ 425 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ബംഗാൾ 381 റൺസിന് കീഴടങ്ങുകയായിരുന്നു. അഞ്ചാം ദിവസമായ ഇന്ന് സൗരാഷ്ട്ര വളരെ കുറഞ്ഞ സ്കോറിൽ പുറത്തായി രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ അത് പിന്തുടർന്ന് ജയിക്കുക എന്ന അത്ഭുതം നടന്നില്ലെങ്കിൽ ജയദേവ് ഉനദ്കട്ടിൻ്റെ നായകത്വത്തിനു കീഴിലുള്ള സൗരാഷ്ട്ര ഇന്ന് വൈകുന്നേരം കിരീടം ഉയർത്തും.
ആദ്യ ഇന്നിംഗ്സിൽ സൗരാഷ്ട്രക്ക് വേണ്ടി അർപിത് വാസവദ സെഞ്ചുറി നേടിയിരുന്നു. ചേതേശ്വർ പൂജാര, വിശ്വരാജ് ജഡേജ, അവി ബാരോട് എന്നിവർ അർധസെഞ്ചുറികളും നേടി. ബംഗാളിനായി ആകാഷ് ദീപ് നാലും ഷഹ്ബാസ് അഹ്മദ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
ബംഗാളിനു വേണ്ടി 81 റൺസെടുത്ത സുദീപ് ചാറ്റർജിയാണ് ടോപ്പ് സ്കോററായത്. വൃദ്ധിമാൻ സാഹ, അനുഷ്ടുപ് മജുംദാർ എന്നിവർ അർധസെഞ്ചുറികളും നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 354 എന്ന നിലയിൽ നാലാം ദിവസം കളി അവസാനിപ്പിച്ച ബംഗാളിനായി മജുംദാറും അർണബ് നന്ദിയും ക്രീസിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഒരു ദിവസം അവശേഷിക്കെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ അവർക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നു. എന്നാൽ അഞ്ചാം ദിനമായ ഇന്നത്തെ ആദ്യ സെഷനിൽ തന്നെ മജുംദാറിനെ ഉനദ്കട്ട് വിക്കറ്റിനു മുന്നിൽ കുരുക്കി. പിന്നെ ഒരു കൂട്ടത്തകർച്ചയായിരുന്നു. അർണബ് നന്ദി 40 റൺസെടുത്ത് പുറത്താവാതെ നിന്നു. ധർമസിംഗ് ജഡേജ (3), ജയദേവ് ഉനദ്കട്ട് (2), പെരക് മങ്കാദ് (2) എന്നിവരാണ് സൗരാഷ്ട്രയുടെ വിക്കറ്റ് വേട്ടക്കാരിൽ പ്രമുഖർ.
Story Highlights: ranji trophy final saurashtra lead first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here