Advertisement

ദുരൂഹത ഉയര്‍ത്തി മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഏഴ് മരണങ്ങള്‍

March 13, 2020
1 minute Read

പുതുജീവന് പിന്നാലെ ദുരൂഹത ഉയര്‍ത്തി മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഏഴ് മരണങ്ങള്‍. കോട്ടയം നെടുംകുന്നത്തെ സഞ്ജീവനി മാനസികാരോഗ്യ കേന്ദ്രത്തില്‍ നാലു ദിവസത്തിനിടെ നാല് അന്തേവാസികളാണ് മരിച്ചത്. കുറിച്ചിയിലെ ജീവന്‍ജ്യോതി പുനരധിവാസ കേന്ദ്രത്തില്‍ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് മരണങ്ങളും ഉണ്ടായി.

നെടുംകുന്നത്തെ സഞ്ജീവിനി മാനസികാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ഇളങ്ങുളം സ്വദേശി ബാബുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ഇതിന് പിന്നാലെ ബുധനാഴ്ച പുലര്‍ച്ചെ ആറിന് ആറിന് അതിരമ്പുഴ സ്വദേശി ജോയിമോള്‍, ഇതേദിവസം തന്നെ വൈകുന്നേരം ആറരയ്ക്ക് ചീരഞ്ചിറ സ്വദേശി ശോഭന എന്നിവരും മരിച്ചു. ആലപ്പുഴ എടത്വാ സ്വദേശിനി ഉഷ വ്യാഴാഴ്ച പുലര്‍ച്ചയോടെയും മരിച്ചിരുന്നു. 48 നും 61 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച ആറുപേരും.

സംഭവങ്ങളില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. മരുന്നുകളാകാം മരണത്തിന് കാരണമായതെന്നാണ് ചികിത്സാ കേന്ദ്രങ്ങളുടെ വിശദീകരണം. സംഭവങ്ങളില്‍ പൊലീസ് കേസ് എടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ചങ്ങനാശേരി കുറിച്ചി ജീവന്‍ ജ്യോതിയിലും മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷങ്ങളായി അന്തേവാസികള്‍ ആയിരുന്ന ലീലാമ്മ ഫ്രാന്‍സിസ്, ലില്ലി എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. മാടപ്പള്ളി സ്വദേശിനി ക്ലാരമ്മ ഇന്ന് രാവിലെ പുഷ്പഗിരി ആശുപത്രിയില്‍ മരിച്ചു.

സൈക്കോസിന് ഉപയോഗിക്കുന്ന മരുന്നുകളാകാം മരണത്തിന് കാരണമായതെന്നാണ് ചികിത്സാ കേന്ദ്രങ്ങളുടെ വിശദീകരണം. എട്ടു വര്‍ഷത്തിനിടെ 33 പേര്‍ മരിച്ച ചങ്ങനാശേരി പുതുജീവന്‍ ട്രസ്റ്റിനെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രണ്ട് കേന്ദ്രങ്ങളില്‍ കൂടി അന്തേവാസികള്‍ തുടര്‍ച്ചയായി മരിച്ചത്

Story Highlights: mental health center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top