കൊവിഡ് 19; ആളൊഴിഞ്ഞ് കൊല്ലം നഗരം

കൊവിഡ് ഭീതിയെ തുടർന്ന് കൊല്ലം നഗരം ആളൊഴിഞ്ഞ നിലയിലാണ്. കോവിഡ് ഭീതിക്കിടയിലും ഇടയ്ക്ക് വീണ്ടും സജീവമായ നഗരം കഴിഞ്ഞ രണ്ടു ദിവസമായി ഒഴിഞ്ഞു കിടക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച വർക്കലയിലെ റിസോർട്ടിലുണ്ടായിരുന്ന ഇറ്റാലിയൻ പൗരൻ ജില്ലയിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി എന്ന വാർത്ത പുറത്തുവന്നതിനെ തുടർന്നാണ് വീണ്ടും നഗരം വിജനമായത്.

കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളിൽ വിജനമായ നഗരം വീണ്ടും സജീവമായതാണ്. ജില്ലയിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിരിക്കുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും അയച്ച സ്രവങ്ങളുടെ റിസൾട്ട് എല്ലാം നെഗറ്റീവായതിന്റെ ആശ്വാസത്തിലായിരുന്നു ജില്ല. റാന്നിയിലെ കോവിഡ് ബാധിതർ സന്ദർശിച്ച പുനലൂരിലെ ബന്ധുവീട്ടിൽ ഉള്ളവർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ ജില്ല പഴയ തിരക്കിലേക്ക് എത്തിയിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന ഇറ്റാലിയൻ പൗരന്റെ ഫലം പോസിറ്റീവ് ആയത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നായിരുന്നു ഇയാളുടെ സ്രവം പരിശോധന അയച്ചിരുന്നത്.

ജില്ലയിലെ ചില ഇടങ്ങളിൽ ഇദ്ദേഹം സ്വതന്ത്രമായി സഞ്ചരിച്ചിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കൊല്ലം ജില്ലയിലെ ഒരു അമ്പലത്തിലെ ഉത്സവത്തിനും ഇദ്ദേഹം പങ്കെടുത്തതായി വിവരങ്ങൾ ഉണ്ട്. ഇതോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ജനങ്ങളും വീണ്ടും ആശങ്കയിൽ ആയിരിക്കുന്നത്. നഗരം വീണ്ടും വിജനമായതോടെ കച്ചവടങ്ങളും കുറഞ്ഞു.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു ജാഗ്രത മാത്രം മതി എന്നുമാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്. ഏതെങ്കിലും തരത്തിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാനുള്ള സർവ സന്നാഹങ്ങളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.

Story highlight: Covid19, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top