കൊവിഡ് 19: കർതാപുർ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്ക്

കർതാപുർ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്. ഇടനാഴി അടയ്ക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായും ഇത് സംബന്ധിച്ച അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. കൊവിഡ് 19 വ്യാപനം നിയന്ത്രണവിധേയമാക്കാൻ കർതാപുർ ഇടനാഴിയിൽ പാകിസ്താൻ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
കഴിഞ്ഞ ദിവസം നടന്ന ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് പാക് ഇടനാഴിയിലൂടെയുള്ള യാത്ര വിലക്കിയ കാര്യം അറിയിച്ചത്. ഇടനാഴി വഴി ഇന്ത്യയിൽ നിന്നെത്തുന്ന തീർത്ഥാടകരെ തടയില്ലെന്നും ദർബാർ സാഹിബ് ഗുരുദ്വാര അടയ്ക്കില്ലെന്നും ഇമ്രാൻ അറിയിച്ചിരുന്നു. പാകിസ്താനിൽ ഇതുവരെ 28 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്ന് നാല് കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിലെ കർതാർപുരിലെ ഗുരുദ്വാരവരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ദർബാർ സാഹിബിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here